2015, ജനുവരി 17, ശനിയാഴ്‌ച

കലാലയ ഓര്‍മ്മകളിലൂടെ, ഒരു പിറന്നാള്‍ദിനം..!!
മണ്ഡലമാസക്കാലത്തൊരിക്കല്‍ കൊടുത്ത
പ്രണയലേഖനത്തിന് മറുപടിയായി
ചോറ്റുപാത്രത്തില്‍ അപ്പവും,അരവണപ്പായസവുമായി
നെറ്റിയില്‍ ചന്ദനക്കുറിയും,
മുടിയില്‍ തുളസിക്കതിരും ചൂടി
പട്ടുപാവാടയും, ബ്ലൌസുമണിഞ്ഞ്‌
മുഖം കുനിച്ചു മുമ്പില്‍ നില്‍ക്കുന്ന അവളെ
ഞാന്‍ ആശ്ചര്യത്തോടെ നോക്കി.
രക്തമിരമ്പുന്ന അവളുടെ കവിളില്‍
സ്പര്‍ശിച്ചാല്‍ വിരല്‍ത്തുമ്പില്‍ കുങ്കുമം
പടരുമെന്ന് എനിക്ക് ശങ്ക തോന്നി.
ലൈബ്രേറിയന്‍ സൌദാമിനിചേച്ചി
കണ്ണടകള്‍ക്കിടയിലൂടെ രംഗനിരീക്ഷണം
നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ
തന്ത്രപൂര്‍വ്വം പുറത്തേക്കിറങ്ങാന്‍
ഞാനവളോട് ആംഗ്യം കാണിച്ചു.
കാമ്പസിന് മുമ്പിലെ റോഡിനപ്പുറത്തെ
ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു ലക്‌ഷ്യം.
ഭരതന്‍റെ അഭ്രപാളിയിലെ, ഋശ്യശൃംഗനെ പിന്തുടരുന്ന
മുനികന്യകയെപ്പോലെ പിറകില്‍ അവളും..
കല്‍വിളക്കിന്‍റെ കൈവരിയില്‍
ചോറ്റുപാത്രം വെച്ച്, 'സാമ്പത്തികശാസ്ത്രത്തി'ന്റെ
നോട്ട്ബുക്കിലൊളിപ്പിച്ചിരുന്ന ഒരു നേര്‍ത്ത സ്പൂണ്‍
എനിക്ക് നേരെ നീട്ടിയപ്പോള്‍ ,കടലിരമ്പുന്ന അവളുടെ
കണ്ണുകളില്‍ നിന്നും ഒരായിരം പ്രണയലേഖനത്തിന്‍റെ
മറുപടികള്‍ ഒരുമിച്ചു വായിച്ചെടുത്തു.
കല്‍മണ്ഡപത്തിന്‍റെ കോണിലെ ഓടുപാകിയ തറയില്‍
അവളെ ചേര്‍ത്തിരുത്തി അരവണപ്പായസത്തിന്‍റെ
മാധുര്യം തങ്ങിനില്‍ക്കുന്ന ചുണ്ടുകള്‍ ചേര്‍ത്ത്
നെറുകയില്‍ ഒരു ചുംബനം ചാര്‍ത്തിയപ്പോള്‍
പ്രപഞ്ചം ചെറുതായി ഞങ്ങളിലേക്ക് ചുരുങ്ങി.
ഇടതൂര്‍ന്നമുടികളിലെ തുളസിക്കതിരുകള്‍,
ഓടുപാകിയതറയില്‍ ഞെരിഞ്ഞമരുമ്പോള്‍
ശ്രീകോവിലിന് മുകളിലിരുന്ന് പ്രാവുകള്‍ കുറുകിയിരുന്നു.
എനിക്കറിയാം,
ഇന്ന് പിറന്നാളിന് പായസം കഴിക്കുമ്പോള്‍
നെറുകയില്‍ ഞാന്‍ പതിപ്പിച്ച ചുംബനമുദ്രയില്‍
അറിയാതെ നീ തലോടിയിട്ടുണ്ടാകുമെന്ന്.
പക്ഷേ,
ഞാനറിഞ്ഞിരുന്നില്ല,
ഇന്നിവിടെ ഹോട്ടല്‍മെസ്സിലെ ഊണിന് ശേഷമുള്ള,
റവയും,സേമിയയും കൂട്ടിക്കലര്‍ത്തി
കോയാക്ക വെച്ചുവിളമ്പിയ പായസമെന്ന്പേരുള്ള
ദ്രവ്യം കഷായംകുടിക്കുന്നപോലെ രുചിച്ചുനോക്കുമ്പോള്‍
അന്ന് ഞങ്ങളിലേക്ക് ചുരുങ്ങിയ ആ പ്രപഞ്ചം
വലുതായ് വലുതായി ക്ഷേത്രവും,കാമ്പസും,പുഴകളും,
കടലുകളും കടന്ന് ഈ മരുഭൂമിയിലെത്തിനില്‍ക്കുമെന്ന്..!!
_______________________________________________
കലാലയ ഓര്‍മ്മകളിലൂടെ, ഒരു പിറന്നാള്‍ദിനം..!!

9 അഭിപ്രായങ്ങൾ:

 1. ഓര്‍ക്കുന്തോറും മധുരിക്കും ഓര്‍മ്മകള്‍.

  മറുപടിഇല്ലാതാക്കൂ
 2. മധുരിക്കും ഓര്‍മ്മകളെ...
  നേരത്തെ വായിച്ചിരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. അക്കാകുക്കാ-- ന്നാലും പാവം ആ തുളസിക്കതിര്‍! ഞെരിഞ്ഞമര്‍ന്ന്! നല്ല മധുരമുള്ള ഓര്‍മ്മകള്‍ ഇനിയും എഴുതുക--- ആശംസകള്‍--

  മറുപടിഇല്ലാതാക്കൂ
 4. \കല്‍മണ്ഡപത്തിന്‍റെ കോണിലെ
  ഓടുപാകിയ തറയില്‍ അവളെ ചേര്‍ത്തിരുത്തി
  അരവണപ്പായസത്തിന്‍റെ മാധുര്യം തങ്ങിനില്‍ക്കുന്ന
  ചുണ്ടുകള്‍ ചേര്‍ത്ത് നെറുകയില്‍ ഒരു ചുംബനം
  ചാര്‍ത്തിയപ്പോള്‍ പ്രപഞ്ചം ചെറുതായി ഞങ്ങളിലേക്ക് ചുരുങ്ങി.‘

  പ്രണയ മാധുര്യം ഇറ്റിറ്റ് വീഴുന്ന
  വിസ്മരിക്കാനാകാത്ത ഓർമ്മ കുറിപ്പുകൾ..

  മറുപടിഇല്ലാതാക്കൂ
 5. കുറേത്തവണ വായിക്കാൻ തോന്നിയ കടും പായസമാധുര്യമുള്ള ഓർമ്മകൾ!!!

  മറുപടിഇല്ലാതാക്കൂ
 6. ഇത്തിരി അസൂയ തോന്നുന്നു ഭായ്.....അതേപോലെ തുളസികതിരിനെ ഉമ്മ വക്കാനും എഴുതാനും കഴിഞ്ഞില്ലല്ലോ ......കഴിയുന്നില്ലല്ലോ.....എന്ന്.....ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 7. പോസ്റ്റുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു ആശംസ നേരട്ടെ.,..

  നെടുനാൾ
  വാഴ്ക
  ഇരുവരും !!!! .

  മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക