2014, ഡിസംബർ 3, ബുധനാഴ്‌ച

ഫേയ്ക് പറഞ്ഞ കഥ..!
"അന്യപുരുഷന്മാരോട് കൃത്യമായ് അകലം പാലിക്കണം,
പുരുഷന്മാരുടെ മുന്‍പില്‍ ഇരിക്കരുത്,
വാക്കുകളില്‍ മിതത്വം പാലിക്കണം,
പെണ്‍കുട്ടികള്‍ മലര്‍ന്നുകിടന്നുറങ്ങരുത്,
ചെരിഞ്ഞേ കിടക്കാവൂ.."
എന്നെല്ലാം വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും
പറഞ്ഞുപഠിപ്പിച്ച യാഥാസ്ഥികരായ ഓര്‍ത്തോഡോക്സ്
ദമ്പതികളുടെ രണ്ട്പെണ്മക്കളില്‍ മുതിര്‍ന്നവളായിരുന്നു ഞാന്‍.
പതിമൂന്നാമത്തെ വയസ്സില്‍ എന്നോടയാള് ഇഷ്ടം പറഞ്ഞു,
ഒരുവര്‍ഷം പരസ്പരം സ്നേഹിച്ചു,
ഒടുവിലൊരു ദിവസം ചേര്‍ത്തുപിടിച്ചെന്നെ
ഗാഡമായ് ചുംബിച്ചു.
ഈ ഒരു ചുംബനത്തോടെ 'കളങ്കപ്പെട്ടു' എന്നുകരുതിയ ഞാന്‍
ഇനി എന്‍റെ ജീവിതപങ്കാളി അയാള്‍ തന്നെമതിയെന്ന്
തീരുമാനമെടുക്കുകയായിരുന്നു.
പള്ളിയുടെയും, പട്ടക്കാരുടെയും
ആശീര്‍വാദങ്ങളോടെ ഞാനയാളുടെ മണവാട്ടിയായി.
ദാമ്പത്യത്തിന്‍റെ മധുരമൂറുന്ന ദിനങ്ങള്‍
അധികനാള്‍ നീണ്ടുനിന്നില്ല.,
ഭംഗിയില്ല,നിറമില്ല,അനിയത്തിയുടെയത്രയും പ്രസരിപ്പില്ല
എന്നൊക്കെയുള്ള എന്‍റെ ന്യൂനതകള്‍ അയാളുടെ വായില്‍നിന്നും മദ്യത്തിന്‍റെ രൂക്ഷഗന്ധത്തോടൊപ്പം
പലരാത്രികളിലും പുറത്തുവന്നുകൊണ്ടിരുന്നു.
പുകയൂതി കനല്‍പെരുപ്പിച്ച സിഗരറ്റുകുറ്റികൊണ്ട്
മൃദുവായ ശരീരഭാഗങ്ങളില്‍ അയാള്‍ പൊള്ളിച്ചു
ആനന്ദം കണ്ടുതുടങ്ങിയ നാളുകളില്‍ ഞാന്‍ ശബ്ദം
വെളിയില്‍കേള്‍ക്കാതെ വായ്‌പൊത്തിപ്പിടിച്ചുകൊണ്ട്
എങ്ങലടിച്ച്കരഞ്ഞിരുന്നു,
വന്യമായ വികാരത്തോടെ ചുംബനങ്ങള്‍ നല്‍കിയിരുന്ന
എന്‍റെ മുഖത്തേയ്ക്ക് ചിലപ്പോഴെല്ലാം അയാള്‍ കാര്‍ക്കിച്ചുതുപ്പിയിരുന്നു.
കണ്ണുനീരിന്‍റെ ഉപ്പും, അവഗണനയുടെ കയ്പ്പും പേറിയ
പീഡനപര്‍വങ്ങള്‍ക്കിടയില്‍ അയാളെനിക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളെ സമ്മാനിച്ചു.
രണ്ടാമത്തെ കുഞ്ഞിന്‍റെ പിതൃത്വത്തെചൊല്ലി കലഹം
രൂക്ഷമായി. വളര്‍ത്തിവലുതാക്കിയ അച്ഛനുമമ്മയും,
കൂടെപിറന്ന സഹോദരിയുംകൂടി എന്നെ അവിശ്വസിച്ചത്
ഗര്‍ഭിണിയായ നാളുകളില്‍ താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
പ്രസവിച്ച കുഞ്ഞിന്‍റെ മുഖത്തിന് അയാളുടെ അസാമാന്യമായ
സാദൃശ്യം സമ്മാനിച്ച് ഈശ്വരന്‍ എന്‍റെ കൂട്ടിനെത്തിയപ്പോള്‍
അമ്മയും അനിയത്തിയും കണ്ണുനീര്‍കൊണ്ട് എന്‍റെ കാല്‍പാദങ്ങള്‍ കഴുകി, അച്ഛന്‍ വാത്സല്യത്തോടെ
ചേര്‍ത്തുപിടിച്ചു.
അപ്പോഴേയ്ക്കും കുടുംബകോടതിയില്‍നിന്നും വിവാഹമോചനസര്‍ട്ടിഫിക്കറ്റും നേടി അയാള്‍ മറ്റൊരു
യുവതിയോടൊപ്പം ജീവിതം തുടങ്ങിയിരുന്നു."
"വേണേല്‍ എഴുതിക്കോ അക്കാകുക്കാ..
എനിക്ക് പറയാനേ അറിയൂ എഴുതാന്‍ അറിയില്ല.
ന്‍റെ മൊബൈലില്‍ മംഗ്ലീഷേയുള്ളൂ.... "
കുലുങ്ങിയുള്ള ചിരികള്‍ക്കൊപ്പം,
അവളുടെ തൊണ്ടയിടറിയിരുന്നില്ലേ..
അതുപറയുമ്പോളെന്ന്‍ എനിക്ക് തോന്നി.
അമ്പരന്ന് അവള്‍പറയുന്നതെല്ലാം മൂളിക്കേട്ടുകൊണ്ടിരുന്ന
എന്‍റെ മനോവ്യാപാരം അളന്നുതിട്ടപ്പെടുത്തിയെന്നപോലെ
അവള്‍ വീണ്ടും പറഞ്ഞുതുടങ്ങി.
ഇപ്പോഴെനിക്ക്‌ ഇവിടെ ഗള്‍ഫില്‍ ജോലിയുണ്ട്.
മെച്ചപ്പെട്ട ശമ്പളമുണ്ട്,
കിടക്കാന്‍ ശീതീകരിച്ച മുറിയുണ്ട്,
പുറംലോകത്തെക്കുറിച്ചറിയുവാന്‍ മൊബൈലില്‍
വൈഫൈയുണ്ട്. ഇവിടെ വിരലിലെണ്ണാവുന്ന നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കള്‍ ഉണ്ട്
അനിയത്തിയെ വിവാഹംകഴിച്ചയച്ചു.
എനിക്കും ,കുടുംബത്തിനും മെച്ചപ്പെട്ട ആഹാരമുണ്ട്.
കഴിഞ്ഞതവണ വെക്കേഷന് നാട്ടില്‍പ്പോയപ്പോളോരു
കാക്കാത്തി കൈനോക്കി എന്നോട് പറഞ്ഞത് എന്താന്നറിയ്വോ?..
"രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവന്‍ തിരിച്ചുവരും,
നിന്നെ വീണ്ടും വിവാഹം കഴിക്കും"
ഞാനിപ്പോ അയാളുമായി ദിവസവും രാത്രിയില്‍ ചാറ്റ്
ചെയ്യാറുണ്ട്, ഇതേ ഫെയ്ക് ഐ-ഡി യില്‍.
അയാള്‍ക്കറിയില്ല ഞാന്‍ ആരാണെന്ന്.
അയാളുടെ ആഗ്രഹങ്ങള്‍ എല്ലാം എനിക്കറിയാം.
പുതിയഭാര്യ അരികത്തുകിടന്നുറങ്ങുമ്പോള്‍
അയാള്‍ ഇപ്പോള്‍ എന്‍റെ സ്നേഹമൂറുന്ന വാക്കുകളും,
കാമംകലര്‍ന്ന നിശ്വാസങ്ങള്‍ക്കുമായി ഉറക്കമിളച്ച്
കാത്തിരിക്കുകയാണ്.
എനിക്കറിയാം, അയാളോടൊപ്പമുള്ള ജീവിതം
ഒരിക്കലും ആഹ്ലാദപ്രദമാകില്ലെന്ന്.
പക്ഷേ എന്താന്നറിയ്വോ?..
മദ്യപിച്ചുരാത്രിവന്നാല്‍ പിറ്റേദിവസം അയാള്‍ക്ക്‌
ഭയങ്കര തലവേദനയാണ്, അപ്പോള്‍ ഞാന്‍ വിക്സ്
പുരട്ടിത്തിരുമ്മികൊടുക്കണം.
ഇതെല്ലാം പുതിയ ഭാര്യ ചെയ്തുകൊടുത്താല്‍ അയാള്‍ക്ക്‌
ഇഷ്ടപ്പെടില്ല, എനിക്കറിയാം.
അയാള്‍ ശര്‍ദ്ധിച്ചത് എത്രയോ തവണ ഞാന്‍ ഈ കൈക്കുമ്പിളില്‍
കോരിയെടുത്ത് വൃത്തിയാക്കിയിരുന്നു.
ഇതെല്ലാം പുതിയ ആ ഭാര്യ ചെയ്യുന്നുണ്ടാവുമോ?..
അയാള്‍ ഇപ്പോള്‍ ഒരു പാട് സങ്കടപ്പെടുന്നുണ്ടാവില്ലേ?..
ഉണ്ട് എനിക്കറിയാം,
ആ ഹൃദയത്തിന്‍റെ വേദനകള്‍ ഇപ്പോള്‍ എനിക്കറിയാം.
അയാളുടെ രണ്ടുമക്കളുടെ അമ്മയാണെന്നറിയാതെ
അയാളിപ്പോളെന്നെ ജീവനുതുല്യം സ്നേഹിക്കുകയാണ്.
എനിക്കുവേണം അയാളെ..
മദ്യപിച്ചു മദോന്മത്തനായി ഓരോ രാത്രികളിലും
പടികടന്ന് വരണം.
ഇനിയും കനലെരിയുന്ന സിഗരറ്റ് കൊണ്ട് അയാളെന്‍റെ
മേനിയില്‍ പൊള്ളിക്കണം.
മുഖത്തേയ്ക്ക് തുപ്പണം.
ശര്‍ദ്ധിച്ചത് കൈക്കുമ്പിളില്‍ കോരിയെടുത്ത്
എനിക്ക് മുറി വൃത്തിയാക്കണം
.
ഞാന്‍ മുന്‍പേ പറഞ്ഞില്ലേ?..
മദ്യപിച്ചുരാത്രിവന്നാല്‍ പിറ്റേദിവസം അയാള്‍ക്ക്‌
ഭയങ്കര തലവേദനയാണ്, അപ്പോള്‍ എനിക്ക് വിക്സ്
പുരട്ടിത്തിരുമ്മികൊടുക്കണം."
ഇതും പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.
_____________________________________________________
ഇന്നലെയൊരു ഫേയ്ക് ഐ ഡി എന്നോട് പറഞ്ഞ കഥ.
ക്ഷമിക്കണം, കഥയല്ല. ജീവിതം..!!

-അക്കാകുക്ക-


21 അഭിപ്രായങ്ങൾ:

 1. ഹോ .. ഭീകരം .. പണ്ടത്തെ സിൽമയിൽ ഒക്കെ ഇതുപോലെയുള്ള അലവലാതി പുരുഷ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. ഈ കാലത്തും ഇങ്ങനെയുള്ളവർ ഉണ്ടെന്നത് സങ്കടപെടുത്തുന്നു

  മറുപടിഇല്ലാതാക്കൂ
 2. എഫ്ബിയില്‍ വായിച്ചിരുന്നു ,,, കഥകളേ വെല്ലുന്ന ജീവിതം :(

  മറുപടിഇല്ലാതാക്കൂ
 3. പലപ്പോഴും മനസ്സിന്റെ ഉള്ളില്‍ അടക്കിക്കഴിയുന്ന വിഷമങ്ങള്‍ വിശ്വാസം തോന്നുന്ന ഒരു സുഹൃത്തുമായി പങ്കുവെക്കുമ്പോള്‍ അത്രനാളും മനസ്സില്‍ വലിയ ഭാരമായിരുന്ന എന്തോ ഒന്ന് ഇറക്കിവെച്ച ആശ്വാസം ലഭിക്കുന്നതിനു പുറമേ മനസ്സിനെ ആകെ കലുഷിതമാക്കിക്കൊണ്ടിരുന്ന ഒരു വിഷയത്തിനു പരിഹാരം ലഭിച്ചുവെന്ന വലിയ തോന്നല്‍ കൂടി സൃഷ്ടിക്കപ്പെടുന്നു. വെറുപ്പ് തോന്നിയ ജീവിതത്തെ സ്നേഹിക്കാനും വഴിയൊരുക്കും. മറ്റാരോടും പറയാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഒരു ഭാഗം മാത്രം ശരിയെന്നു തോന്നിക്കുന്ന സംഭവങ്ങളായിരിക്കും അധികവും. അത് ഒറ്റക്കിരുന്നു ആലോചിച്ചു കൂട്ടുമ്പോള്‍ മറുഭാഗത്ത് എന്തെങ്കിലും ന്യായം ഉണ്ടെങ്കിലും സ്വയം അനുഭവിക്കുന്ന പ്രയാസങ്ങളില്‍ ഒന്നും കാണാന്‍ സാധിച്ചെന്നു വരില്ല.
  നന്നായി സംഭവിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. ഇതു ഫേക്കല്ലാത്ത കഥതന്നെ....

  മറുപടിഇല്ലാതാക്കൂ
 6. വേദനിക്കുന്ന ഒരു സ്ത്റീ ഹൃദയം....

  മറുപടിഇല്ലാതാക്കൂ
 7. ഫെയ്ക്കിനുള്ളിൽ വിങ്ങുന്ന ഒരു ഹൃദയം..

  മറുപടിഇല്ലാതാക്കൂ
 8. എഫ്. ബിയില്‍ വായിച്ചിരുന്നു... :( :(

  മറുപടിഇല്ലാതാക്കൂ
 9. ഈ ഫേക്കിനെ ഞാന്‍ ഇപ്പോഴാണല്ലോ കാണുന്നത്.

  മറുപടിഇല്ലാതാക്കൂ
 10. ഹും ദുഷ്ടന്‍ ! ഇത്രയൊക്കെ ചെയ്തിട്ടും അവരുടെ സ്നേഹം കണ്ടില്ലേ ...അതാണ്‌ യഥാര്‍ത്ഥ സ്ത്രീ .പാവം.

  മറുപടിഇല്ലാതാക്കൂ
 11. പാവം ആ സ്ത്രീ . അവരാണ് യഥാര്‍ത്ഥ ഭാര്യ

  മറുപടിഇല്ലാതാക്കൂ
 12. ചില ബന്ധങ്ങൾ അങ്ങനെയാണ് എത്ര പറിച്ചെറിഞ്ഞാലും ഉള്ളിൽ നിന്ന് പോവില്ല.. എത്ര വെറുക്കാൻ ശ്രെമിച്ചാലും വെറുക്കാനുമാവില്ല..

  മറുപടിഇല്ലാതാക്കൂ
 13. അജ്ഞാതന്‍2015, ജനുവരി 25 7:05 PM

  ഇയാള്‍ തന്നയാണ് ഈ ഫേക്ക്

  മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക