2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

കണ്‍ഫ്യൂഷന്‍..




ഇനിയും കണ്ടുപിടിക്കാത്ത രണ്ട് ഗ്രഹങ്ങളായി മാറിയിരിക്കുന്നു
ഈ സ്വര്‍ഗ്ഗവും നരകവും..!!
അങ്ങിനെയല്ലേ?......

ഏകദൈവവിശ്വാസികള്‍ എല്ലാം മരണശേഷം സ്വര്‍ഗ്ഗത്തിലും,
ബഹുദൈവവിശ്വാസികള്‍ എല്ലാം {കാഫിറുകള്‍)-} നരകത്തിലും.
അപ്പോ ഓപ്പോളും, സുധേട്ടനും, സ്മിതിനും,അഭിയും,ദീപേഷും,
കവിരത്നം അനില്‍-- വിജയവിലാസവും, മോഹനന്‍ വെളിച്ചംതോടനും
ഉള്‍പ്പടെയുള്ള അനേകം എന്‍റെ കൂട്ടുകാരൊന്നുംതന്നെ സ്വര്‍ഗ്ഗത്തിലെ
എന്‍റെ ഫേസ് ബുക്കില്‍ ഉണ്ടാവാന്‍ ഒരു സാധ്യതയും ഇല്ലാ....!!

ആലോചിക്കുമ്പോള്‍ ഒരു സുഖോം ഇല്ലാ..!!

സോമാലിയയില്‍ പട്ടിണികിടന്ന് മരിച്ച കാഫിറുകുട്ടിയുടെ
കാര്യം പോലും പരുങ്ങലിലാവും.. നരകത്തിലോട്ടു തട്ടാന്‍ തന്നെയാവും
കല്പനകള്‍.

വായില്‍ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ച
ദുഫായിലെ ബുര്‍ജ്ഖലീഫയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന
ഒരു ഏകദൈവവിശ്വാസക്കുട്ടി തൊണ്ടയില്‍ ചിക്കന്‍ബര്‍ഗര്‍ കുടുങ്ങി
കാറ്റ്പോയാലും അവന് വിസ്സ സ്വര്‍ഗത്തിലോട്ടുതന്നെ..

എന്തൊക്കെയോ വിരോധാഭാസങ്ങള്‍ തോന്നുന്നു.!!
..
കുഞ്ഞുനാളില്‍ ഓത്തുപള്ളീല് നരകാവാശികളെക്കുറിച്ചു
ഉസ്താദ് പഠിപ്പിച്ച നാളുകളില്‍
അയല്‍പക്കത്തെ മരിച്ചുപോയ കല്യാണിക്കുട്ടിയമ്മയെക്കുറിച്ചോര്‍ത്തു
ഏറെ വ്യസനിച്ച കുറേ ദിവസങ്ങള്‍ ഓര്‍മയില്‍ തെളിയുന്നു.

എനിയ്ക്കൊരു ആഗ്രഹമുണ്ട്,
ഞാന്‍ എന്തായാലും സ്വര്‍ഗത്തിലോട്ടാണല്ലോ..!!
അവിടെന്ന് ഒരു ദിവസമെങ്കീ ഒരീസം ആ നരകത്തിലോട്ട് തട്ടിയ
സോമാലിക്കാഫിറ്കുട്ടിയ്ക്ക് ഒരു നേരമെങ്കിലും വിശപ്പടക്കാന്‍
ഒരു പേക്കറ്റ് ഗ്ലുക്കോസ് ബിസ്ക്കറ്റും (made in paradise) ഒരു പേക്കറ്റ്
മില്‍മയുടെ പശൂംപാലുമായി പോണം..

ആകാശമായ ആകാശങ്ങളും, ഗ്രഹങ്ങളായ സകലമാന ഗ്രഹങ്ങളും
ഈ ഭൂമിയിലുള്ള ഇരുകാലികള്‍ കേട്ടും,പോയിക്കണ്ടും,പൂതിയ്ക്ക്
കൊറച്ചീസം താമസിക്ക്യേം കൂടി ചെയ്തു.

ഇനീപ്പോ.. കണ്ടു പിടിക്കാനുള്ളത്.. ലത്.. ഏത്?..
എഴാകാശത്തിന് മുകളില്‍ ഈ ലവനുമാരോക്കെ നാസയുടെ പേടകത്തില്‍
കിടന്ന് കറങ്ങിയത്തിനിടയില്‍ ക്യാമറക്കണ്ണുകള്‍ക്ക് പോലും
കണ്ടെത്താന്‍ കഴിയാത്ത ആ സ്വര്‍ഗ്ഗോം.. നരകോം..!!

വല്ലാത്ത ഒരു കണ്‍ഫ്യൂഷന്‍ തന്നെ..!! എന്‍റെ ലക്ബായ്...!!
ശരിക്കും ഇതാണോ.. ഈ വിരോധാഭാസം എന്നുദ്ദേശിക്കുന്നത്..?

ങാ..!! അല്ലേല്‍ പോട്ട്.. !
ഏതോ ജൂവല്ലറിക്കാരുടെ പരസ്യം പോലെ "ഒക്കെ ഒരു വിശ്വാസം അല്ലേ"
എന്ന് കരുതി അങ്ങ്ട് കുത്തിരിക്ക്യാം..  ല്ലേ..?




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക