2020, നവംബർ 4, ബുധനാഴ്‌ച

'ശാന്തേടത്തി'



"അമ്മ പറഞ്ഞൂ,

കൂട്ടാനിന് അരയ്ക്കാനൊരു തേങ്ങാ തരാന്‍.."



ശബ്ദംകേട്ട് ചരിഞ്ഞുകിടന്ന് ജനലിലൂടെ പുറത്തേയ്ക്ക്നോക്കിയപ്പോള്‍ 'ശാന്തേടത്തി'യാണ്.

ശാന്തേടത്തിയെ കാണുമ്പോ 'ആദാമി'നെ ഓര്‍മവരും,

അങ്ങാടിയില് വെറ്റിലക്കച്ചോടം ചെയ്യുന്ന ആദാമല്ലാ,

സാക്ഷാല്‍ ദൈവം കളിമണ്ണ് കുഴച്ചുണ്ടാക്കിയ ആദാമിനെ, 

കാരണം, ശാന്തേടത്തിക്ക് കുഴച്ച 'കളിമണ്ണി'ന്‍റെ ഗന്ധമായിരുന്നു,

ഇരുപത് വയസ്സിന് മേല്‍ പ്രായമുണ്ടെങ്കിലും കളിമണ്‍പാത്രനിര്‍മാതാക്കളായ അച്ഛന്റെയും അമ്മയുടെയും കൂടെശാന്തേടത്തിയും അസ്സലായി എല്ല്മുറിയെ പണിയെടുക്കും,

അതുകൊണ്ടുതന്നെ ശാന്തേടത്തിയെ കെട്ടിച്ചുവിടാന്‍ അവര്‍ക്കത്ര താല്പര്യം ഉണ്ടായിരുന്നില്ലെത്രേ..!

കടഞ്ഞെടുത്ത ശരീരവും, തുടുത്ത മുഖവും,ആകര്‍ഷണസ്വഭാവമുള്ള കണ്ണുകളും, ഇരുണ്ട നിറമാണെങ്കിലും അവരുടെ കാന്തി വര്‍ദ്ധിപ്പിച്ചിരുന്നു.

"ടാ,, വെറക്പുരയുടെ മൂലേല് നാളികേരം കൂട്ടിയിട്ടതീന്ന്ഇവള്‍ക്ക് ഒരെണ്ണം എടുത്ത്കൊടുത്തേ.. "

ഉമ്മാന്‍റെ മെസ്സേജ് കിട്ടിയപ്പോ കട്ടില് വിട്ട് എഴുന്നേറ്റു.പുറത്തിറങ്ങി,ഇരുമ്പന്‍പുളി മരത്തിന്‍റെ ചോട്ടിലേക്ക്കണ്ണുംതിരുമ്മി പതിയെ നടന്നു.

പിസ്സടിക്കുമ്പോ തിരിഞ്ഞുനോക്കിയപ്പോ ശാന്തേടത്തി മുഖം തിരിക്കുന്നത് കണ്ടു..!

ഒഹ്.. അല്ലേലും ശാന്തേടത്തിക്ക് ഇതിലൊക്കെ വല്ലപുതുമയുമുണ്ടോ?.. 

തഞ്ചത്തിന് അടുത്ത് കിട്ടിയാല്‍ 'എന്താടാ ചെക്കാ' ന്ന്ചോദിച്ച് തുടയിലേ നുള്ളൂ.. പിന്നെ,, വേറെയുംചില കുസൃതികളും... 

എന്നാലും ഓണത്തിനും,വിഷൂനുമൊക്കെ ചില്ലറയിട്ട്കൂട്ടാന്‍ ഫ്രീയായി 'കാശിക്കുടുക്ക' സമ്മാനിക്കുന്നശാന്തേടത്തിയോട് എനിക്ക് പ്രിയമായിരുന്നു.

സുഖമുള്ള ഒരു നുള്ളിന് പാരിതോഷികമായിവെറക്പുരയില്‍ നിന്ന് ഉമ്മ പറഞ്ഞ തേങ്ങകൂടാതെഎന്‍റെ വക ഒരെണ്ണംകൂടി കൊടുത്തിട്ടേ ശാന്തേടത്തിയെഞാന്‍ പറഞ്ഞയച്ചുള്ളൂ..

കഴിഞ്ഞ വെക്കേഷന് നാട്ടില്‍ പോയപ്പോ കലുങ്കിലിരുന്ന്സമപ്രായക്കാരായ നാട്ടിലെ കൂട്ടുകാരോട് വിശേഷംപറഞ്ഞിരിക്കുന്നതിനിടയില്‍  ശാന്തേടത്തി ബസ്സില്‍വന്നിറങ്ങുന്നത് കണ്ടു. 

ഒരു പാട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ കൂടിക്കാഴ്ചയെന്നതിനാല്‍ കൂട്ടുകാരുടെ സംസാരത്തില്‍ നിന്നാണ്ശാന്തേടത്തി തന്നെയാണ് അതെന്ന് മനസിലായത്.

നാടും, നാട്ടുകാരുമൊക്കെ ഏറെ മാറിപ്പോയിരിക്കുന്നു.

പറഞ്ഞുകേട്ട കഥകളെല്ലാം അവിശ്വസിനീയമായിതോന്നിയെങ്കിലും  പതിയേ എല്ലാം മനസ്സിലായി.

ആഗോളവല്‍ക്കരണം ശാന്തേടത്തിയുടെ ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

മണ്‍കലനിര്‍മ്മാണവും, ചൂളയുമെല്ലാംഅവരുടെ പുരയിടത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു.

സ്വയം തീയൂതിപ്പെരുപ്പിച്ച് കളിമണ്ണ് കുഴച്ച് ഉരുട്ടിപാകപ്പെടുത്തി ചൂളയിലിട്ടുവേവിച്ച് അവര്‍ തന്നെ വിപണി കണ്ടെത്തുന്നു.

ഒറ്റയാള്‍ പോരാട്ടം.!

മുതല്‍മുടക്കില്ല, 

കിട്ടുന്നത് മുഴുവന്‍ ലാഭം.


ഇപ്പോള്‍ ശാന്തേടത്തിക്ക് കൂട്ടാനിന് അരയ്ക്കാന്‍തേങ്ങാ കടം വാങ്ങിക്കുകയൊന്നും വേണ്ടാ..

അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ശാന്തേടത്തിയെ പ്രേരിപ്പിച്ചത് എന്തായിരിക്കും?.

ഇന്നലെ നാട്ടില്‍നിന്ന് വാട്ട്സ്അപ്പില്‍ ഒരു സ്നേഹിതന്‍ഒരു വീഡിയോക്ലിപ്പ് അയച്ചിരുന്നു.

കനോലി കനാലില്‍ നിന്ന് പോലീസുകാരും നാട്ടുകാരും ചേര്‍ന്നൊരു മൃതദേഹം കരയ്ക്കെടുക്കുന്ന ദൃശ്യം.കൂടെ കുറേ വിശേഷങ്ങളും..!

ഇന്ന് ഉച്ചയൂണ് കഴിഞ്ഞ് അല്പമൊന്ന് മയങ്ങിയപ്പോള്‍വീണ്ടും ഞാന്‍ ആ ശബ്ദം കേട്ടു.

"ഉമ്മേ...........

അമ്മ പറഞ്ഞൂ,

കൂട്ടാനിന് അരയ്ക്കാനൊരു തേങ്ങാ തരാന്‍.."..  !


-അക്കാകുക്ക-


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക