2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

അതിഥിദേവോഭവ:

വര്‍ഷങ്ങള്‍ക്ക് മുമ്പ് 
വിവാഹം കഴിഞ്ഞതിന്‍റെ അടുത്തൊരു ദിവസം 
ഞാനും, എന്‍റെ ഭാര്യാപദവി അലങ്കരിക്കുന്ന 
ലാലി ടീച്ചറും കൂടി വെര്‍തെ വീട്ടിലിരുന്ന് ബോറടിച്ചപ്പോ
ചുമ്മാ പരിസരത്തോക്കെ ഒന്ന് ചുറ്റിയടിക്കാനായ് ഇറങ്ങി.

അന്ന്നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടയ്ക്കിടെ 
ആഘോഷിക്കുന്നഹര്‍ത്താല്ദിനമായിരുന്നതിനാല്‍
വാഹനം ഉപയോഗിക്കേണ്ടി വന്നില്ല.

വഴിയോരക്കാഴ്ചകളുടെ മനോഹാരിതകളിലൂടെ,
പറമ്പിലൂടെയും,പാടത്ത് കൂടെയും പരിചയക്കാരോട് കുശലംപറഞ്ഞുമുള്ള ആയാസരഹിതമായ
ആ പദയാത്രയ്ക്ക് ഹര്‍ത്താല്‍ ഒരനുഗ്രഹമായി.

അങ്ങനെ നടന്ന് നടന്ന് നടന്ന്..
വീട്ടിലെ സ്ഥിരം പണിക്കാരനായ ചെറുമന്‍ 'ചക്കപ്പ'ന്‍റെ
കുടിലിന് പരിസരമെത്തി.

നിരസിക്കാന്‍ കഴിയാത്ത വിധമുള്ള, അവരുടെ
സ്നേഹവായ്പ്പുകളോടെയുള്ള ക്ഷണം സ്വീകരിച്ച
ശേഷമാണ് 'അതിഥിദേവോഭവ:' എന്ന വാക്യത്തിന്‍റെ
പൊരുള്‍ ഞങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞത്.

ചാണകം മെഴുകി വെടിപ്പാക്കിയ തറയില്‍
മൊതലാളിയുടെ മകനേയും,മരുമകളെയും
ആസനസ്തരാക്കാന്‍ പൊടിതട്ടി പുല്‍പ്പായ വിരിക്കുമ്പോള്‍
ചക്കപ്പന്‍റെ വേളിയുടെ വദനത്തില്‍
ഓണനിലാവിന്‍റെ പ്രകാശം ഓളംവെട്ടിയിരുന്നു.

അവര്‍ക്ക് സല്‍ക്കരിക്കാന്‍ അപ്രാപ്യരായവരാണ്
ഞങ്ങള്‍ എന്ന തോന്നല്‍ ഉള്ളിലുള്ളതിനാലാവാം,
അവരുടെ ഓരോ ചലനങ്ങളിലും അത് ദ്യോതിപ്പിക്കുമാറ്
ധൃതിയും, ഉത്സാഹവും,അങ്കലാപ്പും, പ്രതിഫലിച്ചിരുന്നു.

പനയോലകൊണ്ടുള്ള രണ്ട് പിഞ്ഞിയ വിശറിയെടുത്ത്
ഞങ്ങളുടെ കൈയില്‍തന്ന് റേഡിയോയില്‍
പാട്ട്കേള്‍പ്പിക്കാനൊരുങ്ങുന്ന ചക്കപ്പനെ തള്ളിമാറ്റി
അടുക്കളയിലേക്ക് പായുന്ന ആ ഗൃഹനായികയുടെ
രൂപം ഇപ്പോഴും മനസ്സിലുണ്ട്.

പ്രതീക്ഷിക്കാതെ വന്നുകയറിയ
മുഹമ്മദാലി സാഹിബിന്‍റെമകനും,മരുമകളും,
തങ്ങളുടെ കുടിലിലെ ചാണകംമെഴുകിയ
തറയിലിരുന്ന് പാളയംകൊടംപഴം
തൊലിയുരിഞ്ഞ് അവലോസ്പൊടിയില് മുക്കി
ശര്‍ക്കരക്കാപ്പിയുടെ അകമ്പടിയോടെ ഭക്ഷിക്കുന്നത്
നോക്കിക്കണ്ടിരുന്ന അവരുടെ മുഖത്തെ വികാരം
വരികളിലെ വര്‍ണ്ണനകള്‍ക്കുമതീതമാണ്.

അതിഥിയുടെ പ്രൌഡിയില്ലാതെ,
ആതിഥ്യത്തിന്‍റെ ഔന്നത്യങ്ങളെ തൊട്ടറിഞ്ഞ്
നാട്ടുനടപ്പുള്ള 'വാല്യപുത്തന്‍' ഉറുപ്പികകള്‍
രണ്ട്പേര്‍ക്കും സമ്മാനിച്ച്, തലകുനിച്ച്പിടിച്ച്
അവരുടെ കുടിലില്‍നിന്നും പുറത്തിറങ്ങി.

ഒരിക്കല്‍ക്കൂടി പിറകിലേയ്ക്ക് തിരിഞ്ഞുനോക്കിയപ്പോള്‍
ഞങ്ങളെ സല്‍ക്കരിക്കാന്‍ അവസരംലഭിച്ച നിര്‍വൃതിയില്‍
പരിസരം മറന്നുനില്‍ക്കുന്ന അവരുടെ രൂപം..!
_________________________________________________
എന്‍റെ യജമാനന്‍റെ മകനും,ഭാര്യയും
എന്‍റെ കുടിലില്‍ ചെന്നുകയറിയതറിഞ്ഞപ്പോള്‍
ഞാനും ആ പഴയ ചക്കപ്പന്‍റെ ആതിഥ്യത്തിന്‍റെ
ഓര്‍മകളിലേയ്ക്ക് ഒന്നിറങ്ങിച്ചെന്നു.....
#അതിഥിദേവോഭവ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക