2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

തുപ്പലിന്‍റെ മണമുള്ള ബസന്തി..
തുപ്പലിന്‍റെ ചൂരുള്ള അവളുടെ
പേര് 'ബസന്തി' എന്നായിരുന്നു.
ഗോതമ്പിന്‍റെ നിറവും, പിരിഞ്ഞുകിടക്കുന്ന തോളറ്റംവരെ
അലസമായിട്ടിരിക്കുന്ന ചെമ്പന്‍ മുടിയും,
വസൂരിക്കലയുള്ള തുടുത്ത മുഖവും,
കല്ല്‌പതിച്ച മൂക്കുത്തിയുമൊക്കെയായി
പടികടന്ന് മുറ്റത്തെത്തുമായിരുന്ന അവളെ കാണുമ്പോള്‍,
പ്രളയകാലത്ത്ഒറീസയില്‍ നിന്നും കേരളത്തിലെത്തുന്ന
കൂട്ടത്തിലെ ഒരന്തേവാസിയെ ഓര്‍മ്മിപ്പിച്ചിരുന്നു.
മുട്ടിന് താഴെവരെയുള്ള പാവാടയുടെ ഒരു തുമ്പ് അരയില്‍
തിരുകിക്കയറ്റി, നിറംമങ്ങിയ പുള്ളിജംബറുമിട്ട് മുറ്റമടിക്കുന്ന
ബസന്തിയെയാരിക്കും മിക്കവാറും ദിവസങ്ങളില്‍
ഉണര്‍ന്നെണീറ്റുവരുമ്പോള്‍ കാണുന്നത്.
'ചാരമിട്ട് അമര്‍ത്തിത്തേച്ചാലേ വൃത്തിയാവൂ .. ട്ടോ..'
ഉമ്മാന്‍റെ ആജ്ഞ സ്ഫുരിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍
ബസന്തിയുടെ പാത്രംമോറലിന് ജീവന്‍ വെക്കും.
പെങ്കുട്ടികള്‍ ഇല്ലാത്ത വീടായിരുന്നതിനാല്‍ എന്‍റെയും,
അനിയന്മാരുടേയും പഴയ ഷര്‍ട്ടുകള്‍ ഉമ്മ ഇടയ്ക്കിടെ
ബസന്തിക്ക് പൊതിഞ്ഞെടുത്ത്കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
പക്ഷേ , അതൊന്നും അവള്‍ ധരിച്ചുകണ്ടിട്ടിട്ടില്ല.
പടികടന്ന് വരുന്നതും,പോകുന്നതുമല്ലാതെ, എവിടെനിന്ന്
ബസന്തി വരുന്നു,എവിടേക്ക് പോകുന്നു എന്നും എനിക്കറിയില്ല.
എപ്പോഴും മുഖത്ത് ഒരു വിഷാദഭാവം തളംകെട്ടി
നിന്നിരുന്ന അവള്‍ സംസാരിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
മച്ചിലെ മാറാല തൂക്കുന്നതിനിടയില്‍ ഒരു വലിയ എട്ടുകാലിയെ
കണ്ടുപേടിച്ച് 'അരെ..ബാപ്പ് രേ.. ബച്ചാവോ,, ബച്ചാവോ'
എന്നും ഓരിയിട്ട് എന്റെയരികെ ഓടിവന്ന് ചേര്‍ന്നണഞ്ഞ്
നിന്നപ്പോള്‍ കിതപ്പണയ്ക്കാന്‍ പാടുപെടുന്ന തുപ്പലിന്‍റെ മണമുള്ള
ബസന്തിയെ ഞാന്‍ തെല്ലൊരു കൌതുകത്തോടെ നോക്കി.
ഉമ്മ വീട്ടിലില്ലാതിരുന്ന ഒരു ദിവസം അടുക്കളയിലെ അലമാരിയില്‍
നിന്നും പലഹാരം എടുക്കാനായി കസേരയിട്ട് കയറുന്നതിനിടയില്‍
തെന്നിവീണ് കാല്പൊട്ടിയ എന്നെ അനുകമ്പയോടെ
പിടിച്ചെഴുന്നെല്‍പ്പിച്ച ബസന്തി മുറിവില്‍ തേയിലപ്പൊടി വിതറി
പഴന്തുണി വെച്ചു കെട്ടിത്തന്നു.
തുപ്പലിന്‍റെ മണം ഒഴിച്ചുനിര്‍ത്തിയാല്‍ ബസന്തി
എനിക്ക് പ്രിയപ്പെട്ടവള്‍ ആയിത്തീരുകയായിരുന്നു.
ഒരു ദിവസം മഴയത്ത് വില്ല്പൊട്ടിയ
ഒരുകുടചൂടി പടികടന്ന് വരുമ്പോള്‍ അവളുടെ കൈയില്‍
ഒരു റോസാച്ചെടിയുടെ കമ്പ് ഉണ്ടായിരുന്നു.
മുറ്റമടിക്കുന്നതിനിടയിലോ,പാത്രം മോറുന്നതിനിടയിലോ,
എപ്പോഴോ ഒരു മണ്‍ചട്ടിയില്‍ ആ റോസാകൊമ്പ് കുഴിച്ചിട്ട്
വെള്ളം ഒഴിച്ച് എന്‍റെ പ്രിയപ്പെട്ട ഇരുമ്പന്‍പുളിമരത്തിനടുത്ത്
അവള്‍ കൊണ്ടുപോയി വെക്കുന്നത് ഞാന്‍ അവളറിയാതെ ശ്രദ്ധിച്ചു.
ചിലപ്പോഴൊക്കെ മുടിചീകാന്‍ വരാന്തയിലെ
ചില്ല്പൊട്ടിയകണ്ണാടിക്കരികിലെ ചീര്‍പ്പ് കൈയിലെടുക്കുമ്പോള്‍
പിരിഞ്ഞ ചെമ്പന്‍മുടികള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ഞാന്‍
തെല്ലൊരു അലോസരത്തോടെ പറിച്ചുകളഞ്ഞു.
എങ്കിലും ബസന്തിയെ എനിക്കിഷ്ടമായിരുന്നു.
ഏകാദശികാണാന്‍ പോയപ്പോ, വിനോദ് അവന്‍റെ പെങ്ങള്‍ക്ക്
വളയും,റിബ്ബണും,പൊട്ടും വാങ്ങിയപ്പോള്‍ അതുപോലൊരുകൂട്ടം
എനിക്കും വേണമെന്ന് പറഞ്ഞ എന്നെ നോക്കി അവന്‍ കളിയാക്കിച്ചിരിച്ചു.
ഉമ്മ കാണാതെ ഏകാദശിക്ക് വാങ്ങിച്ച പൊതി
ഇരുമ്പന്‍പുളിമരത്തിന്‍റെ ചുവട്ടില്‍ റോസാച്ചെടിയെ
സാക്ഷിയാക്കി ബസന്തിക്ക് സമ്മാനിക്കുമ്പോള്‍
വിടരാന്‍വെമ്പുന്ന ഒരു ചുവന്ന മൊട്ട് എന്നെനോക്കി
മന്ദസ്മിതം പൊഴിക്കുന്ന പോലെ തോന്നി.
പിറ്റേന്ന് പുലരുമ്പോള്‍ വളയും,റിബ്ബണും,പൊട്ടും അണിഞ്ഞ്
പടികടന്ന് വരുന്ന ബസന്തിയെ ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു.
പക്ഷേ.. !
ബസന്തി വന്നില്ല.
പിന്നീട് വന്നില്ല..
ഒരിക്കലും വന്നില്ല..
പിന്നീട് ഞാനറിഞ്ഞു,
ബസന്തി മരിച്ചുപോയിരുന്നു.,!
ഇനി ..എഴുതാന്‍ വിരലുകളും വരികളും മരവിച്ചിരിക്കുന്നു.
ഇരുമ്പന്‍പുളി മരത്തിനടുത്ത ബസന്തി നട്ടുനനച്ചിരുന്ന ചുവന്ന
റോസാച്ചെടിയില്‍ പിന്നീടൊരിക്കലും പൂക്കള്‍ വിരിഞ്ഞില്ല.
എങ്കിലും ഞാനിടയ്ക്ക് അവിടെപോയി വെറുതെനില്‍ക്കുമായിരുന്നു.
അപ്പോഴൊക്കെ അന്തരീക്ഷത്തില്‍ തുപ്പലിന്‍റെ മണവും
എനിക്ക് അനുഭവപ്പെട്ടിരുന്നു.
-അക്കാകുക്ക-


1 അഭിപ്രായം:

എന്റെ ബ്ലോഗ് പട്ടിക