2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

കുമ്പസാരം..!



പുറത്ത് പൊടിക്കാറ്റ് ആഞ്ഞടിക്കുന്നുണ്ട്.
കൂടെ മണലിന്‍റെ ഗന്ധത്തിനൊപ്പം എന്‍റെ ഓര്‍മ്മകളുടെയും...

കുമ്പസാരക്കൂടിനകത്ത്‌ നീയാണെങ്കിലും എനിക്ക് 
നിന്നോടല്ല പാപങ്ങള്‍ ഏറ്റുപറയുവാനുള്ളത്,
എന്നോട് തന്നെയാണ്...!

എനിക്ക് നിന്നോടുള്ളത് ഒരു പച്ചപ്പട്ടുടുപ്പിച്ച പരിശുദ്ധമായ
പ്രണയമാണെന്ന് നീ പലപ്പോഴും പറയാറുണ്ടായിരുന്നുവല്ലോ...
പക്ഷേ നീ ധരിച്ചപോലെ അതിന്‍റെ നിറം പച്ചയായിരുന്നില്ലാ..
നല്ലം കടുംചുവപ്പായിരുന്നു. രക്തത്തിന്‍റെ നിറം..!

എന്‍റെ പ്രണയം നീ അംഗീകരിച്ച മുഹൂര്‍ത്തം
ഞാന്‍ ഒരു മദ്യക്കുപ്പിയുടെ മൂടി തുറക്കാന്‍ വേണ്ടിയുള്ള
പരിശ്രമത്തിലായിരുന്നു.
മൂടിയും ഞാനും തമ്മിലുള്ള ബലപരീക്ഷണത്തിനിടയില്‍
കുപ്പിതാഴെവീണുപൊട്ടി മദ്യം തറയിലൂടെയൊഴുകി എന്നെ
നോക്കി പരിഹസിച്ച നിമിഷം, ഞാന്‍ നിന്‍റെ വിധി എന്‍റെ
പ്രണയപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരുന്നു.

പിന്നീട് നമ്മള്‍തമ്മിലുള്ള ഓരോ പ്രണയസല്ലാപങ്ങളിലും
ഞാനാ വാശിതീര്‍ക്കാന്‍ മദ്യം നുണഞ്ഞുകൊണ്ടേയിരുന്നു.
കാതങ്ങള്‍ക്കപ്പുറമിരിക്കുന്ന നീയറിയാതെ, ഒരു HD സ്ക്രീനിന്‍റെ മറവില്‍.

ഇനി, എന്‍റെ കുമ്പസാരം നിനക്ക് കേള്‍ക്കണമെങ്കില്‍ 
നീ നിന്‍റെ ചെവി അതിനകത്തിരുന്നു കൂര്‍പ്പിച്ചുകൊള്ളുക.

നീ പലപ്പോഴും പറയാറുള്ളപോലെ വര്‍ത്തമാനകാലത്തില്‍ 
ജീവിക്കാന്‍ എനിക്കാവില്ല.
എനിക്കിഷ്ടം എന്‍റെ ഭൂതകാലം തന്നെയാണ്.
പൊള്ളുന്ന ആ ഓര്‍മ്മകളെയാണ്....
നീറിപ്പടരുന്ന ആ യാഥാര്‍ത്ഥ്യങ്ങളെയാണ്.
ഈ മനംമടുപ്പിക്കുന്ന ഏകാന്തത തന്നെയാണ്.
നിന്‍റെ ദാര്‍ശനികപരമായ ഒരു ചിന്തകള്‍ക്കും
ഇവിടെ ഇനി അടിസ്ത്ഥാനമില്ല എന്നും ഞാന്‍ അടിവരയിടുന്നു.

ഇവിടെയിരുന്ന് ഇടതുഭാഗത്തെ ജാലകത്തിലൂടെ താഴോട്ട് നോക്കുമ്പോള്‍
കൊടുംകുറ്റവാളികളുടെ തലയറുത്തുമാറ്റി ശിക്ഷനടപ്പാക്കുന്ന
മൈതാനം എനിക്ക് കാണാം.
ഞാനിപ്പോള്‍ കൊതിക്കുന്നത് ഓരോ തലകള്‍ അറുത്തുമാറ്റുമ്പോഴും
ഒഴുകിപ്പടരുന്ന രക്തതുള്ളികളുടെ ഉന്മത്തഗന്ധം ശ്വസിച്ച് പാഞ്ഞടുക്കുന്ന
ഒരു ഉറുമ്പിന്‍റെ ജന്മത്തിലേക്ക് ഒരു പരകായപ്രവേശം നടത്താനാണ്.
അവസാനമായി ഒന്നുകൂടി...
നീയിതുവരെ അറിയാത്ത കുറേ ദുഷിച്ച യാഥാര്‍ത്ഥ്യങ്ങളുടെ 
ആകെത്തുകയാണ് ഞാന്‍..
കൂട്ടിയാലും, കിഴിച്ചാലും ഗുണിച്ചാലും, ഹരിച്ചാലും 
സംഖ്യകള്‍ക്കതീതമായ ഒരു പെരുംനുണ.

പൊടിക്കാറ്റിനല്‍പം ശമനം വന്നാല്‍
വലതുഭാഗത്തെ ജാലകം തുറന്നിട്ടാല്‍ നോക്കെത്താദൂരത്തോളം
പരന്നുകിടക്കുന്ന ശവപ്പറമ്പും ഈ മരുഭൂമിയില്‍ എനിക്ക്
കൂട്ടിന്നായുണ്ട്.  രാത്രിയായാല്‍ അവിടെയുള്ള ആത്മാക്കളും....






9 അഭിപ്രായങ്ങൾ:

  1. ഭൂതകാലത്തെ ഓര്‍ത്തു ദുഖിച്ചിട്ടോ ഭാവിയെ ഓര്‍ത്തു ആധി പിടിചിട്ടോ യാതൊരു കാര്യവുമില്ല.. ഭൂതവും ഭാവിയുമോന്നും നമ്മുടെ കൈപ്പിടിയില്‍ അല്ല. അപ്പോള്‍ പിന്നെ ഏക ആശ്രയം വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്നത് തന്നെ.നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ഓരോ നിമിഷവും നമ്മുടെ സ്വന്തം..

    മറുപടിഇല്ലാതാക്കൂ
  2. അക്കാ കുക്കാ-- രാവിലെ തുറന്നപ്പോള്‍ തന്നെ ഈ കുമ്പസാരം(!) .
    അതൊക്കെ വിട്.പെരുന്നാളൊക്കെ അടിപോളിയായല്ലോ അല്ലെ? പത്മേച്ചി പറഞ്ഞപോലെ-- വര്‍ത്തമാന കാലം മാത്രമേ നമുക്ക് സ്വന്തമുള്ളൂ --അത് ഭംഗിയാക്കിയാല്‍, അതാണ്‌ നാളത്തെ ഭൂതകാലം. സംശയമുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ--

    മറുപടിഇല്ലാതാക്കൂ
  3. അക്കാക്കുക്കയുടെ കുമ്പസാരം നന്നായി,,,,,,,ഓ൪മ്മകൾ പീലിവിട൪ത്തി ആടുന്ന മനസ്സിൽ നിന്നും നമ്മൾ എത്ര ആട്ടിപ്പായിച്ചാലും,ഉന്തിത്തള്ളിവിട്ടാലും പിന്നെയും നാണം കെട്ട് ഓടിവരും ഓ൪മ്മകൾ,,,,,

    മറുപടിഇല്ലാതാക്കൂ
  4. പ്രണയത്തിനും നിറങ്ങളോ....

    വായിക്കാൻ സുഖമുള്ള ഒരു ഗദ്യ കവിത.

    മറുപടിഇല്ലാതാക്കൂ
  5. കൊന്നാ പാപം തിന്നാൽ തീരുമെങ്കിൽ അങ്ങ് തീരുട്ട്‌

    മറുപടിഇല്ലാതാക്കൂ
  6. എനിക്കൊന്നും എഴുതാൻ കിട്ടുന്നില്ല.. ഇത് ആരെയാണോ ഉദ്ദേശിച്ചത് ആ പ്രണയിനിയുടെ മനസിനെ കുറിച്ചാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്‌..

    മറുപടിഇല്ലാതാക്കൂ
  7. അക്കാക്കുക്കയുടെ കുമ്പസാരം ആത്മാര്ത്ഥതയോടെ ആണെന്ന് തോന്നി. തികച്ചും ഒരു ഗദ്യകവിത. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  8. അക്കാക്കുക്കയുടെ കുമ്പസാരം ആത്മാര്ത്ഥതയോടെ ആണെന്ന് തോന്നി. തികച്ചും ഒരു ഗദ്യകവിത. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  9. മരുഭൂവിലെ പ്രണയവും കുമ്പസാരവും..

    തുറന്ന് പറച്ചിലുകള്‍ നിഷ്കളങ്കം തന്നെ..
    നന്നായി ഈ എഴുത്ത്

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക