2014, ജനുവരി 7, ചൊവ്വാഴ്ച

ബീവിത്തയും ജിന്നും..!!




തെരണ്ട്കല്യാണം കഴിഞ്ഞതിന്‍റെ രണ്ടാമത്തെ മാസത്തിലാണെന്ന്
തോന്നുന്നു ബീവിത്താക്ക് 'ജിന്ന്' കൂടിയത്.
പശുക്കറവയ്ക്ക് വരുന്ന പരമേശ്വരനോട് പതിവില്‍ക്കവിഞ്ഞ
ലോഹ്യംപറച്ചില്, മുന്‍വശത്തെ ഇടവഴീലൂടെ സൈക്കിളില്
പോകുന്ന കുണ്ടന്മാരെ നോക്കിയുള്ള മന്ദഹാസം, രാത്രിയിലെ
ഉറക്കക്കുറവ്, പകലുറക്കത്തില്‍ ദുസ്വപ്നം കണ്ടു ചുണ്ട് കടിച്ചു
പൊട്ടിക്കല്‍ ഇത്യാദിയായിരുന്നു ആദ്യ ലക്ഷണങ്ങള്‍.

ബീവിത്ത എന്‍റെ അയല്‍പക്കത്തെ സുന്ദരിപ്പെങ്കുട്ടിയായിരുന്നു.
വയസ്സറിയിച്ചപ്പോ നടത്തിയ തിരണ്ട്കല്യാണസദ്യക്ക് ഞാനും
പോയിരുന്നു. നാളികേരം വറുത്തരച്ച കോഴിക്കറിയുടെ മണമോ,
ബീവിത്ത വയസ്സറിയിച്ച മണമോ എന്തൊക്കെയോ ആണാവോ.. എന്തായാലും ഒരു പ്രത്യേകഗന്ധം അന്ന് അവിടെ തങ്ങിനിന്നിരുന്നു.

അടച്ചിട്ട ജനല്‍പ്പാളികളുടെ വിടവിലൂടെ ബീവിത്താനെ കൌതുകത്തോടെ
കുറേനേരം നോക്കിനിന്നത് ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

'ന്‍റെ മോളേ ഇത് ജിന്നിന്‍റെ ബെടക്കത്തരം തന്നേ.. ഇജ്ജു ഓന്‍ മദ്രസ്സേല്
പോവുമ്പോ മുസ്ല്യാരോട് ഒരു ചരട് മന്ത്രിച്ച് മാങ്ങിക്കൊണ്ട് ബരാന്‍
പറയ്‌ ട്ടാ'
രാവിലെ പാലും കൊണ്ട് വന്ന ബീവിത്താടെ വെല്ലിമ്മ ഉമ്മാനോട് അതും പറഞ്ഞ് എന്തോ കുശുകുശുത്ത് പടിയിറങ്ങിനടന്നു.

ഓത്ത്പള്ളീല് പോകുന്ന വഴി ബീവിത്താക്ക്
പതിവായികൊടുക്കാറുള്ള തൊടിയിലെ
ഞാവല്‍പ്പഴം പൊതിഞ്ഞെടുത്തു കൈയില്‍പിടിച്ചു.

'അന്‍റെ ബെരലിലെ നഖോക്കേ ബെലുതായല്ലോ ചെക്കാ' ന്നും 
പറഞ്ഞ് കൈയിലിരുന്ന പേനാക്കത്തികൊണ്ട് ചെത്തിമുറിച്ച
എന്‍റെ ചൂണ്ട് വിരല്‍ ബീവിത്ത വായിലിട്ട് ചപ്പിയിട്ട്
സിനിമയില്‍കണ്ട യക്ഷി ചിരിക്കുന്നപോലെ എന്നെനോക്കി ചിരിച്ചു.
ബീവിത്താടെ കണ്ണുകള്‍ക്ക്‌ പെരുന്നാളിന് ഞങ്ങളോരുമിച്ച് മുന്‍പ്
കത്തിച്ച മത്താപ്പൂവിന്‍റെ തിളക്കം..!!

ഓത്തുപള്ളീന്ന് തിരിച്ചുവരുമ്പോ മുസ്ല്യാര് മന്ത്രിച്ചൂതിയ ചരട്
ബീവിത്താടെ കണ്ണില്‍പ്പെടാതെ വെല്ലിമ്മാടെ കൈയില്‍ കൊടുത്ത്
വീട്ടിലേക്കോടി.
ബീവിത്താടെ ജിന്നിനെ ആ ചരടിലൊന്നും കെട്ടിയിടാന്‍ കഴിഞ്ഞില്ലെന്നു
പിറ്റേന്ന് പാലുംകൊണ്ട് വന്ന വെല്ലിമ്മാന്‍റെ ഉമ്മയുമായുള്ള
സംസാരത്തില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞു.

'ഇത് ജിന്നൊന്നുമല്ല ഗന്ധര്‍വന്‍ കൂടിയതാ...ന്‍റെ വെല്ലിമ്മേ..!!'
മുറ്റമടിച്ചു നിന്നിരുന്ന കാര്‍ത്തിത്തള്ളയുടെ വിശദീകരണം.

പിന്നീട് മുസ്ലിയാരുടെ നിര്‍ദ്ദേശപ്രകാരം
ചിരട് ജപിക്കലും, കെട്ടലും , മന്ത്രിച്ചൂതിയ വെള്ളം കുടിപ്പിക്കലും
ബീവിത്താടെ വീട്ടിലേയ്ക്ക് മാറ്റി.

മുസ്ലിയാര്‍ അറുത്തിട്ട കോഴിയെ വെല്ലിമ്മ നാളികേരം വറുത്തരച്ച്
കറിവെയ്ക്കുമ്പോള്‍ ബീവിത്ത കുന്തിരിക്കം പുകയുന്ന മുറിയല്‍
രണ്ട് ജിന്നുകളുടെ ഇടയിലായിരുന്നു.





പിന്നീടുള്ള ദിവസങ്ങളില്‍ റാത്തീബും,പിഞ്ഞാണമെഴുത്തും 
ഒക്കെയായി മുസ്ലിയാരുടെ ചികിത്സ തുടര്‍ന്നുകൊണ്ടിരുന്നു.
പിഞ്ഞാണത്തില്‍ മഷിപ്പേനകൊണ്ട് അറബിയില്‍ ഫതഹും,കിസറും ഇല്ലാത്ത ഓരോ വാക്കുകള്‍ എഴുതി അതില്‍ മന്ത്രിച്ചൂതിയ വെള്ളമൊഴിച്ച് മുസ്ലിയാര്‍ ബീവിത്താനെക്കൊണ്ടു കുടിപ്പിക്കുന്നത്
ഞാനാ പഴയ ജനല്‍പഴുതിലൂടെ ജിജ്ഞാസയോടെ അവരറിയാതെ നോക്കിക്കണ്ടു.

പിഞ്ഞാണത്തിലെ മഷിവെള്ളം വലിച്ചുകുടിച്ച് ദാഹത്തോടെ
ഓരോതവണയും പരവശയായിരിക്കുന്ന
ബീവിത്താടെ മുഖത്തോട്ട് നോക്കുമ്പോള്‍ മുസ്ലിയാരുടെ 
നെഞ്ചിടിപ്പ് ഞാന്‍ പുറത്തുകേട്ടു.

ബീവിത്താന്‍റെ വീട്ടിലെ കോഴിക്കൂട് കാലിയായി,
പത്തിരി പരത്തി വെല്ലിമ്മാന്‍റെ നടുവേദന കൂടി..!
അങ്ങിനെ അവസാനത്തെ കോഴിയെയും അറുത്ത് പത്തിരി
കൂട്ടി ശാപ്പിട്ട് പോയതിന്‍റെ പിറ്റേദിവസം മുസ്ലിയാരേ കാണാനില്ല.
ഒപ്പം ജിന്ന്കയറിയ ബീവിത്താനെയും...!!

ആളുകള് തെക്കുവടക്ക് പാച്ചിലായി.
പൂട്ടിക്കിടന്ന ഓത്തുപള്ളീന്ന് തിരിച്ചുനടക്കുന്ന വഴിയിലെ ഫല്‍ഗുണന്‍റെ
ബാര്‍ബര്‍ഷോപ്പിലിരുന്ന് ജോസേട്ടന്‍ പറയുന്നത് കേട്ടു.
'ആ ബെടക്ക്‌ മുസ്ലിയാര് ഓളേം കൊണ്ട് സ്ഥലംവിട്ടതാവ്വോള്ളോന്ന്..'

ബീവിത്ത പിന്നീടുള്ള ദിവസങ്ങളില്‍ ഒരു ഓര്‍മ്മമാത്രമായി.
വര്‍ഷങ്ങള്‍ക്ക് ശേഷം ട്രാന്‍സ്ഫര്‍ ആയി പ്പോയ പ്രഭാകരന്‍മാഷ്‌
ലീവിന് നാട്ടീവന്നപ്പോ വെല്ലിമ്മാനോട് പറഞ്ഞു.

'മുസ്ലിയാര് ഒക്കത്ത് ഒരു കുട്ടിയേയും എടുത്ത് മലപ്പുറത്തെ ഒരു പ്രസവ
ആശുപത്രീന്ന് ചായ വാങ്ങാന്‍ ഫ്ലാസ്ക്കുമായി പുറത്തോട്ടിറങ്ങുന്നു.
ഞാന്‍ ചോയ്ച്ചപ്പോ ബീവീടെ നാലാമത്തെ പ്രസവം ആയിരുന്നെന്ന്.'

'ഇങ്ങള് കേറിക്കണ്ടീരുന്നാ മാഷേ?....'

'പിന്നില്ല്യാതെ... ഇപ്പോള്‍ക്ക് ജിന്നൂംല്ല്യാ .... ഗന്ധര്‍വനൂംല്ല്യാ...! '

വെല്ലിമ്മ കോഴിക്കൂട്ടിലെയ്ക്ക് നോക്കി നെടുവീര്‍പ്പിട്ട്‌ വീട്ടിലേക്ക് 
കയറിപ്പോയി ,ആശ്വാസത്തോടെ..!! 

#
ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇപ്പോഴും പിടികിട്ടാത്ത
ഒരു ചോദ്യമാണ്, ഈ ജിന്നും - ഗന്ധര്‍വനും...!!
അതോ .. ഇതൊന്നുമല്ലാതെ 916 പരിശുദ്ധിയുള്ള 'കാമ' മോ????????.....

13 അഭിപ്രായങ്ങൾ:

  1. പതിനാറു വയസ്സ് കഴിഞ്ഞാല്‍ പുളകങ്ങള്‍ പൂത്തു വിരിഞ്ഞാല്‍ പതിവായി പെണ്‍കൊടി മാരൊരു മധുരസ്വപ്നം കാണും ഒരു മധുര സ്വപ്നം കാണും.............................. adhanne.....
    Maafi Jin, maafi gandharvan :)

    മറുപടിഇല്ലാതാക്കൂ
  2. മ്മടെ നാട്ടിലൊന്നും ജിന്നും ഗന്ധര്‍വനും ഇല്ല.... വല്ല അമേരിക്കയിലും പോയി ജനിച്ചാ മതിയാര്‍ന്നു... :(

    മറുപടിഇല്ലാതാക്കൂ
  3. അല്ലേലും ഈ ജിന്ന് എന്ന് പറയണ സാധനം ഭയങ്കര പ്രശ്നക്കാരന്‍ ആണ് പക്ഷെ ഇങ്ങള് പറഞ്ഞ ജിന്നിനെ ഞാന്‍ അറിയില്ല . എനിക്ക് അറിയാവുന്ന ഒരു ജിന്നെ ഉള്ളു അത് പ്രശ്നക്കാരന്‍ തന്നെ ആണ്

    മറുപടിഇല്ലാതാക്കൂ
  4. എന്തായാലും കാര്യം ശുഭമായല്ലോ.
    നമുക്ക് അത് മതി!

    മറുപടിഇല്ലാതാക്കൂ
  5. എന്തായാലും കാര്യം കഴിഞ്ഞു ആളു മുങ്ങിയില്ലല്ലോ ..അതു തന്നെ ആശ്വാസം

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. ഏതായാലും ഈ പറഞ്ഞ ജിന്ന്..... ഒരു ജി----ന്നാ.

    മറുപടിഇല്ലാതാക്കൂ
  9. ആകര്‍ഷകമായ അവതരണം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. മനുഷ്യശരീരത്തിൽ അധിനിവേശം നടത്തുന്നൂ എന്ന് അറിയപ്പെടുന്ന ജിന്നുകളുടെയും ഗന്ധർവ്വന്മാരുടെയും കഥകൾ കേട്ട്‌ രാവേറെ ഉറങ്ങാതിരുന്ന ബാല്യമുണ്ടായിരുന്നു നിയ്ക്ക്‌..
    ബാധകേറി കഥാപാത്രമാകുന്ന പെണ്ണിനെ വിഷ്വലൈസ്‌ ചെയ്ത്‌ പിന്നീടവളെ അവതരിപ്പിക്കുവാനുള്ള പ്രവണത കുട്ടിക്കളികളിൽ കാണിച്ചിരുന്നതും ഇവരുടെ ബാധകേറിയതിനാലാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു :)
    നാടൻ കഥകളുടെ ലോകത്ത്‌ വളരെ ഉല്ലാസത്തോടെ ബാല്യം മുതൽ ആഘോഷിച്ചതിനാലാവാം ഇവർക്കൊന്നും ഒരു കാമാർത്തി നൽകാൻ ന്റെ മനസ്സ്‌ സമ്മതിക്കാറില്ല..
    പ്രകടിപ്പിക്കാനും അവതരിപ്പിക്കാനും പറ്റാത്ത പ്രണയങ്ങൾക്കൊ ഇഷ്ടങ്ങൾക്കൊ ഈ മുഖംമൂടികൾ നല്ല ചേർച്ചയാണ്..
    ഞാനിങ്ങനെയേ പറയൂ..എതിരഭിപ്രായാണേയ്ച്ചാൽ ക്ഷമിച്ചേക്കൂ..
    കഥ ഇഷ്ടായി ട്ടൊ..
    നന്ദി..ശുഭരാത്രി

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക