2014, മാർച്ച് 4, ചൊവ്വാഴ്ച

ബാലചന്ദ്രന്‍ - ചുള്ളിക്കാടും,എന്‍റെ കവിതാഭ്രാന്തും..!!



വീക്ഷണകോണുകളില്‍ ഭാഷാദാരിദ്ര്യം കടന്നുകൂടുമ്പോള്‍
ചില മഹത്തായ സാഹിത്യരചനകള്‍ക്ക് രൂക്ഷവിമര്‍ശനങ്ങള്‍
ഏറ്റുവാങ്ങേണ്ടിവരുന്നു. ഏതാണ്ട് അതുപോലെതന്നെ ചില
മഹത്തായ സാഹിത്യസൃഷ്ടികളോട് അമാനുഷികമായ അഭിനിവേശം
തോന്നി നെഞ്ചിലേറ്റിയാലും തീക്ഷ്ണമായ ഭവിഷത്തുകളും നേരിടേണ്ടി
വരുമെന്നും അനുഭവത്തിന്‍റെ വെളിച്ചത്തിലൂടെ ഞാനറിഞ്ഞിട്ടുണ്ട്.

കലാലയജീവിതത്തിലെ കാലഘട്ടങ്ങളിലെ വായനകള്‍ക്കിടയില്‍
വിഭൂതികളുടെ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിക്കാന്‍ ചില കവിതകള്‍
പ്രചോദനമായിരുന്നു.
കവിതാവായനകളിലൂടെ, അടിമുടി പൂത്തു തളിര്‍ത്ത് പുഷ്പിച്ച്
മനസ്സില്‍ ഒരു കാമുകഹൃദയം പടര്‍ന്നുപന്തലിച്ചതും, ക്രമേണ ഈ
അഭിനിവേശം ജീവിതത്തിന് തന്നെ ഭീഷണിയായി ത്തീര്‍ന്നതും
ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ കൌതുകമായി തോന്നുന്നു.

'കത്തുന്ന ചുംബനംകൊണ്ടു നീ പണ്ടെന്‍റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്‍റെ നക്ഷത്രജാലകത്തില്‍ക്കൂടി
ജന്മാന്തരങ്ങളെ കണ്ടു മൂര്‍ച്ചിച്ചതും'

എന്നുതുടങ്ങുന്ന വരികളെഴുതി കാമുകഹൃദയങ്ങളില്‍ കത്തുന്ന കനലുകള്‍
കോരിയിടാന്‍ അന്നുണ്ടായിരുന്ന യുവകവികളില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്
പ്രത്യേകം ശ്രദ്ധപുലര്‍ത്തി.

എന്തിനേറെ പറയുന്നു , ഇദ്ദേഹം സ്വന്തമായി രചിച്ച കവിതകളും, മറ്റു ഭാഷയില്‍നിന്നും വിവര്‍ത്തനം ചെയ്ത കവിതാശകലങ്ങളും ഇടുക്കിഗോള്‍ഡിനോടൊപ്പം    വായിച്ചു വായിച്ചു
ഹൃദയത്തിലേയ്ക്ക് ആവാഹിച്ചപ്പോള്‍ എന്‍റെ
ജീവിതംതന്നെ കൈവിട്ടുപോകുന്നത് എന്നെക്കാള്‍ മുന്‍പ് തിരിച്ചറിഞ്ഞത്
എന്‍റെ രക്ഷിതാക്കള്‍ ആയിരുന്നു.

തീപിടിപ്പിക്കുന്ന കത്തുന്ന വിരഹപ്രണയ്രാദ്രവരികള്‍ കുറിച്ചിടുന്ന
ചുള്ളിക്കാട് സാര്‍ ഞാന്‍ തന്നെയാണ് എന്ന സങ്കല്‍പ്പത്തിലായി പിന്നീടുള്ള നാളുകള്‍ മാറുകയായിരുന്നു.

ഷര്‍ട്ടും,പാന്റ്സും വരെ വാഷ് ചെയ്യാന്‍ വീട്ടില്‍
അഴിച്ചുകൊടുക്കാതെ മുഷിഞ്ഞവേഷത്തിലായിപ്പോയ ദിവസങ്ങള്‍.
ചില അവസരങ്ങളില്‍ കവിയും അങ്ങിനെ സുഹൃത്തുക്കളുടെ
സമീപം പ്രത്യക്ഷപെട്ടിരുന്നതായി അക്കാലത്ത് ചില ലേഖനങ്ങളില്‍
വായിച്ചറിഞ്ഞായിരുന്നു നുമ്മടെ ഈ വിധം കലാപരിപാടികള്‍.
പാന്റ്സിന്‍റെ പോക്കറ്റില്‍ ചുള്ളിക്കാട്സാറിന്‍റെ 'പതിനെട്ട്കവിതകള്‍'
എന്ന പുസ്തകം സദാസമയവും സ്ഥാനംപിടിച്ചിരുന്നു.
ഓരോ കവിതയും വെള്ളക്കടലാസില്‍ പകര്‍ത്തിയെഴുതി
പലപലകൂട്ടുകാരികള്‍ക്ക് സമ്മാനിക്കുമ്പോള്‍ നിര്‍വൃതിയില്‍
ആറാടുകയായിരുന്നു സമനിലതെറ്റിയ എന്‍റെ മനസ്സ്.

ഇഷ്ടം തോന്നിയ പെണ്‍കുട്ടിയോട് അത് തുറന്നുപറയാനുള്ള വൈമനസ്യം
കൊണ്ട്, അമ്പലത്തിനുചുറ്റും പ്രദക്ഷിണം ചെയ്യുന്ന അവളുടെ കാല്‍പ്പാടുകളിലൊന്നിലെ പവിത്രമായ മണ്ണ് ശേഖരിച്ചു പൊതിഞ്ഞുകെട്ടി
സൂക്ഷിച്ചിരുന്ന കവിയോട് മുടിഞ്ഞ ആരാധനതോന്നിയിരുന്ന നാളുകള്‍.

ഈ ആരാധനയ്ക്ക് വിരമാമിടാനായത് തൃശ്ശൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ
മോഹന്‍ദാസ്‌ എന്ന സൈക്ക്യാട്രിസ്റ്റിന്‍റെ കൌണ്‍സിലിങ്ങിലൂടെയാണ്.
കവിയുടെ ആത്മാവും പേറിനടന്ന എന്നെ രക്ഷിതാക്കള്‍ കുരുക്കിലാക്കി
പുള്ളിക്കാരന്‍റെയടുത്ത് എത്തിക്കുകയായിരുന്നു.

പാന്റിന്‍റെ പോക്കറ്റില്‍ ചുള്ളിക്കാടിന്‍റെ 'പതിനെട്ട് കവിതകളുമായി'
പിടികൂടിയ ഒരു പതിനെട്ടുകാരനെ ഡോക്ടര്‍- മോഹന്‍ദാസ്‌സാര്‍ ഓര്‍മ്മിക്കുന്നുണ്ടോ.. ആവോ?...!!

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ചുള്ളിക്കാട് സാറിനെ ഒരു സാഹിത്യസദസ്സില്‍
വെച്ചു സഹൃദയര്‍ക്കിടയിലിരുന്ന്‍ നേരിട്ട്കാണാനുള്ള അവസരവും
ഉണ്ടായി. ഫേസ്ബുക്കില്‍ ഞാനിപ്പോഴും അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്.
അന്ധമായ ആരാധനയോടല്ലാതെ....
ഒരു സാധാരണ വായനാകമ്പക്കാരന്‍ എന്ന അതിര്‍വരമ്പ് വെച്ചു മാത്രം.

-അക്കാകുക്ക-







12 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട കവി. അഭിനയിക്കാന്‍ പോയതോടെ പ്രതിഭയ്ക്ക് മങ്ങല്‍ വന്നു എന്ന് ഞാന്‍ കരുതുന്നു. അതോ മങ്ങല്‍ വന്നപ്പോള്‍ അഭിനയിക്കാന്‍ പോയോ? ഒരിക്കല്‍ പ്രതിഭയുടെ കാര്യം പറഞ്ഞ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ചെറിയ ഒരു കലഹമുണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2014, മാർച്ച് 5 8:29 AM

      മങ്ങല്‍ വന്നപ്പോള്‍ അഭിനയിക്കാന്‍ പോയി എന്നാണ് ഞാന്‍ കരുതുന്നത്...
      ഇപ്പോള്‍ അദ്ദേഹം വളരെ സ്റ്റേബിള്‍ ആയ മനുഷ്യന്‍ ആണ്...
      (അല്പം കിറുക്കില്ലാതെ എങ്ങനെ ഉദാത്തമായ കവിത വരും?)
      പിന്നെ, റൈറ്റര്‍സ് ബ്ലോക്ക്‌ അദ്ദേഹത്തെയും പിടികൂടിയോ എന്നും സംശയിക്കുന്നു...
      മറ്റൊരു കാര്യം- ഇനി എഴുതിയില്ലെങ്കിലും, എഴുതിയ കവിതകള്‍ കൊണ്ട് തന്നെ അദ്ദേഹം അനശ്വരനായിക്കഴിഞ്ഞു...
      മലയാളത്തിലെ ആധുനിക കവികളില്‍ ദുര്‍ഗ്രാഹ്യത ഇല്ലാതെ ശക്തമായ ഭാഷയില്‍ എഴുതുന്ന പ്രണയത്തിന്‍റെ അപ്പോസ്തലന്‍.

      ഇല്ലാതാക്കൂ
  2. ചുള്ളിക്കാടിന്റെ പതിനെട്ട് അവിതകൾ പോക്കറ്റിൽ...! ലഹരിനിരോധനനിയമത്തിന്റെ പരിധിൽപ്പെടുത്തേണ്ട കുറ്റം...:)

    മറുപടിഇല്ലാതാക്കൂ
  3. നന്നായി പറഞ്ഞു ... ചുള്ളിക്കാട് എനിക്കും പ്രിയപെട്ടവന്‍!!.

    മറുപടിഇല്ലാതാക്കൂ
  4. ആഹ്‌...ആരാധനാ കഥാപാത്രങ്ങളെ പോക്കറ്റിനകത്തും നെഞ്ചിനകത്തുമൊക്കെ സൂക്ഷിച്ചിരുന്ന കാലത്തെ പൊടി തട്ടി എടുക്കാനായി..നന്ദി...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. വല്ലാത്ത നൊമ്പരം ചില വരികൾ കവിതകൾ കാലങ്ങൾ പ്രണയം ലഹരി കൂടി ആകുമ്പോൾ ... ഇങ്ങനെ ഒന്ന് തിരിച്ചു വരാൻ ജോണ്‍ അബ്രഹമിനും സരസുവിനും അയ്യപ്പനും ഒക്കെ കഴിഞ്ഞെങ്കിൽ എന്ന് വെറുതെ ആഗ്രഹിക്കാറുണ്ട് ഹൃദ്യം അലി ഭായ്

    മറുപടിഇല്ലാതാക്കൂ
  6. കവിത ഒരു ജീവിത ശൈലി ആക്ക്യാൽ താളം തെറ്റും അല്ലെ ഇക്കാ

    മറുപടിഇല്ലാതാക്കൂ
  7. തീ തുപ്പും വാക്കുകളാല്‍
    കവിത രചിച്ചവന്‍
    കണ്ണില്‍ വിഷാദവും
    മനസ്സില്‍ അഗ്നിയും നിറച്ചവന്‍
    ബാലചന്ദ്രന്‍,,,rr

    മറുപടിഇല്ലാതാക്കൂ
  8. ഇത്തരം ചില വീരാരാധനകള്‍ പഠന നാളുകളില്‍ ഹൃദയത്തില്‍ കടന്നു കൂടും. ചുള്ളിക്കാട് കവിതകള്‍ പലതും യുവ ഹൃദയങ്ങളില്‍ തീ കോരിയിടാന്‍ പാകത്തില്‍ ഉള്ളവയായിരുന്നു. ആയത് അലിയെ ഡോക്ടറുടെ അടുത്തെത്തിച്ചു എന്ന് കണ്ടു മനസ്സില്‍ ചിരി പൊട്ടി. ഈ കുറിപ്പ് ഇഷ്ട്ടായി .

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക