2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

മഴമേഘക്കുഞ്ഞുങ്ങളുടെ ഉല്‍പ്പത്തി...






ഭിഷഗ്വരന്‍റെ കൈയിലെ മൂര്‍ച്ചയേറിയ കത്തി
പോലുള്ള ആയുധം കൊണ്ടാണവളെന്‍റെ ഹൃദയം
കീറിമുറിച്ച് മഴമേഘങ്ങളില്‍ അലിയിച്ചെടുത്ത
പ്രണയതീര്‍ത്ഥം പകര്‍ന്നൊഴിച്ചിട്ട്‌ പടിയിറങ്ങിയത്.

ഈ മരുഭൂവിലെ കൊടുംചൂടില്‍ ആവിയായ്,
നീരാവിയായ് ബഹിര്‍ഗമിക്കാനാവാതെ 
തുന്നിക്കെട്ടിയ ന്‍റെ ഹൃദയത്തിലാ സ്നേഹജലം
അഗ്നിപര്‍വതം പോല്‍ പുകഞ്ഞ് നീറുന്നു..!

പാതിമയക്കത്തിലെ അപരാഹ്നങ്ങളില്‍
ഉന്മാദത്തിന്റെ ഊഷ്മളതയില്‍ ഞാനിപ്പോള്‍
കാണുന്ന ചൂടുള്ള കിനാക്കളെല്ലാം അവളുടെ
മഴക്കവിതകളെക്കുറിച്ചു മാത്രമായിരിക്കുന്നു.

ഇളംചൂടുള്ള തുടിക്കുന്ന മാറില്‍ച്ചേര്‍ത്തുപിടിച്ച
വളെന്നെ ഓരോ കിനാക്കളിലും താരാട്ടുപാടുന്നു.
പൊഴിയുന്ന മുടികള്‍ക്കിടയിലൂടെ താമരനൂലുകള്‍
തോല്‍ക്കുന്ന അംഗുലികളാല്‍ പതിയേ തലോടുന്നു.

നെറ്റിയിലൂടെ പടര്‍ന്നിറങ്ങുന്ന വിയര്‍പ്പ്തുള്ളികളും
നാസാരന്ദ്രങ്ങളിലൂടെ കിനിഞ്ഞിറങ്ങുന്ന രുധിരകണങ്ങളും
പവിഴാധരത്താല്‍ ഒപ്പിയെടുക്കുന്നു, ഞാനപ്പോള്‍
മൃദുവായി കണ്‍പീലികള്‍ ചേര്‍ത്തടയ്ക്കുന്നുവെത്രെ..!

ഇനിയുമെത്ര നാഴികകള്‍?...
ഈ അഗ്നിപര്‍വ്വതം വിസ്ഫോടനം ചെയ്തവള്‍
നിക്ഷേപിച്ച പ്രണയലാവകളീ മരുഭൂമിയിലെ
ഓരോ മണല്‍ത്തരികളിലും പടര്‍ന്നുചേരുവാന്‍..

മാലാഖമാര്‍ അവളോടൊപ്പം ചേര്‍ന്ന് സ്വര്‍ഗത്തില്‍
മണിയറയോരുക്കുന്ന ധൃതിപിടിച്ച പ്രവര്‍ത്തിയിലത്രേ..!!

-അക്കാകുക്ക-

2 അഭിപ്രായങ്ങൾ:

എന്റെ ബ്ലോഗ് പട്ടിക