2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

കൊലയാളികള്‍ക്ക് ഒരോര്‍മ്മക്കുറിപ്പ്‌ :-



കത്തി മൂര്‍ച്ചയുടെ പര്യായമായിരിക്കണം.

കാരണം,
കോശങ്ങളെ അരിഞ്ഞു മുന്‍പോട്ടുപായുമ്പോള്‍
ഉറുമ്പ് കടിക്കുന്ന വേദനപോലും ഉണ്ടാവരുത്.

എതിരെ നിന്ന് മുഖാമുഖം പകയോടെ
കണ്ണില്‍ നോക്കി ചന്നംപിന്നം വെട്ടിക്കണ്ടിക്കരുത്.

കാരണം,
ഉറക്കച്ചടവുള്ള കണ്‍കോണുകളിലെ ഭീതി തലച്ചോറി
ലൂടെ ഹൃദയത്തിലെത്തി പെരുമ്പറ മുഴക്കും.

പിറകില്‍ നിന്ന് പിന്‍കഴുത്തില്‍ ആഞ്ഞൊരു
വെട്ടിന് ഉടലും തലയും വേര്‍പെടണം.
'അമ്മേ' യെന്ന്‍ വിളിക്കാനുള്ള സാവകാശം
പോലും ബാക്കി വെച്ചേയ്ക്കരുത്.

കാരണം,
ആ വിളി അമ്മ കേള്‍ക്കും,എത്ര ദൂരെയാണെങ്കിലും
എത്ര ഗാഡമായ നിദ്രയിലാണെങ്കിലും.

എപ്പോഴോ കുഴിച്ചിട്ട പൊക്കിള്‍ക്കൊടി
ഭൂമിക്കടിയില്‍കിടന്ന് പ്രകമ്പനം കൊള്ളും,
അതിന്‍റെ പ്രതിധ്വനികള്‍ നിങ്ങളുടെ കുടുംബങ്ങളുടെ
അസ്ഥിവാരങ്ങള്‍ തകര്‍ത്തെറിയാനുള്ള
സുനാമിത്തിരകളെക്കാള്‍ ശേഷിയുണ്ടായിരിക്കും.

ശാപഗ്രസ്ഥങ്ങളുടെ തീച്ചൂളയില്‍ അനാഥമാക്കപ്പെടുന്ന
കുടുംബം നിങ്ങള്‍ക്കൊരിക്കലും അലങ്കാരമാവില്ല.

അനന്തരം,
ഉറവപോല്‍ ഉതിരുന്ന രുധിരപ്രവാഹം
തൂവെള്ളവസ്ത്രത്തില്‍ പൊതിഞ്ഞെടുക്കണം
ശവംതീനിയുറുമ്പുകള്‍ക്ക് പാനം ചെയ്യാന്‍
തെരുവില്‍ ഉപേക്ഷിച്ച് കടന്നുകളയരുത്.

മുന്‍പോട്ട് തള്ളിയ കണ്ണുകള്‍ തിരികെ പ്രതിഷ്ടിച്ച്
ചേര്‍ത്തടയ്ക്കാന്‍ മറന്നുപോകരുത്.
നേരംപുലരും വരെ നിങ്ങളിലൊരാള്‍ കാവലിരിക്കണം.

കാരണം,
തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ടാവും,
നിങ്ങളെപ്പോലെ..

അവയ്ക്ക് വേണ്ടത് മാംസമാണെങ്കില്‍,
നിങ്ങള്‍ക്ക് വേണ്ടത് ജീവനാണല്ലോ....
തുടിക്കുന്ന,ത്രസിക്കുന്ന ജീവന്‍..!

-അക്കാകുക്ക




1 അഭിപ്രായം:

  1. അജ്ഞാതന്‍2014, നവംബർ 13 1:22 PM

    നല്ല കവിത...
    ചെറിയൊരു തിരുത്ത് " പ്രതിഷ്ടിച്ച്" അല്ല. പ്രതിഷ്ഠിച്ച് ആണ്.

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക