പുരാതനശേഷിപ്പുകളുടെ സ്മാരകകം പോലെയുള്ള ഒരു
നാലുകെട്ടിലായിരുന്നു ആ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
ദേവസ്വംബോര്‍ഡില്‍ നിന്നും ലേലത്തില്‍ വാങ്ങിച്ചതിന് ശേഷം
പുതിയൊരു കെട്ടിടം നിര്‍മ്മിക്കുന്നതുവരെ ഈ നാലുകെട്ടില്‍
തുടരുന്നുവെന്ന് മുന്‍പെപ്പോഴോ ആരോ പറഞ്ഞിരുന്നത് ഓര്‍മ്മയില്‍ വന്നു.
ബൈക്ക് മതില്‍കെട്ടിനുള്ളിലേയ്ക്ക് ഓടിച്ചുകയറ്റി വരാന്തയോട് ചേര്‍ന്ന
വലിയൊരു പ്ലാവിന്‍റെ ചുവട്ടില്‍ പാര്‍ക്ക് ചെയ്തു.
നിറയെ ചാമ്പകമരങ്ങളും,ജാതിവൃക്ഷങ്ങളുമൊക്കെയായി
ഒരു പുരാതന നായര്‍തറവാടിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം.
മതിലിനോട് ചേര്‍ന്നു മൂലയില്‍ വവ്വാലുകള്‍ ചപ്പിയിട്ട ബദാമിന്‍റെ
കായ്കള്‍ വൃക്ഷച്ചുവട്ടില്‍ നിറയെ പരന്നുകിടക്കുന്നു.
വരാന്തയില്‍ തൂത്തുകൊണ്ടിരുന്ന സ്ത്രീയോട് ആപ്പീസറുടെ മുറിയിലേക്ക്
പോകേണ്ട വഴിയന്വേഷിച്ചു. വലിയൊരു മുന്‍വാതിലിലൂടെ
അകത്ത്പ്രവേശിച്ച്,വിശാലമായ നടുമുറ്റവും കഴിഞ്ഞ് മരത്തിന്‍റെ
ഗോവണിയിലൂടെ മുകളിലേയ്ക്ക് കയറി. ചുറ്റിലും പഴമയുടെ
ഒരു ഗന്ധം തളംകെട്ടി നിന്നിരുന്നു. അപ്പീസിലെ ജോലിക്കാരെല്ലാം
വന്നുതുടങ്ങുന്നതേയുള്ളൂ....
'പൂങ്കാവനം' എന്ന് നെയിംബോര്‍ഡുള്ള ആപ്പീസറുടെ മുറിക്കുമുന്‍പില്‍
കൂട്ടിയിട്ടിരിക്കുന്ന കസേരയില്‍ ഒരെണ്ണം പൊടിതട്ടിയെടുത്തു ആസനസ്ഥനായി. രാവിലെ ഒന്‍പതരമണിയ്ക്കും ശരീരം വിയര്‍ത്തൊഴുകുന്നു. മീനമാസത്തിലെ ചൂട് അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുന്നു. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കര്‍ച്ചീഫ് എടുത്ത് പാന്‍റ്സിന്‍റെ
പോക്കറ്റില്‍ത്തിരുകിത്തന്നതിന് ലാലീസിനോട് മനസ്സില്‍ കടപ്പാട് രേഖപ്പെടുത്തി. നെറ്റിയിലൂടൊഴുകുന്ന വിയര്‍പ്പ്ചാലുകള്‍ എത്ര തുടച്ചിട്ടും
നിലയ്ക്കുന്നില്ല.
ഒഴിഞ്ഞുകിടന്നിരുന്ന കസേരകളില്‍ അവിടെയവിടെയായി ആളുകള്‍
ഇരിപ്പുറപ്പിച്ചു തുടങ്ങിക്കഴിഞ്ഞു.
'ഈ ആപ്പീസര്‍മാരുടെയൊക്കെ കാര്യം?..!! ഇവര്‍ക്കൊക്കെ സമയത്തിന്
എത്തിക്കൂടെ?.. '
സര്‍ക്കാര്‍ ആപ്പീസുകളുടെ കെടുകാര്യസ്ഥതയെക്കുറിച്ച്
ചുറ്റിനും കൂടിയിരുന്ന രണ്ട്പേര്‍ അന്യോന്യം പിറുപിറുക്കുന്നു.
അല്‍പസമയം കഴിഞ്ഞപ്പോള്‍ വെളുത്ത്തടിച്ച്മധ്യവയസ്കയായ ഒരു
സ്ത്രീ അപ്പീസറുടെ മുറിക്കുള്ളിലേയ്ക്ക് കയറിപ്പോയി. ചെമ്പകപ്പൂവിന്‍റെ
പരിമളം അപ്പോള്‍ ആ ഇടനാഴിയില്‍ ഉള്ളതായി തോന്നി. ആ സ്ത്രീ കടന്നുപോകുന്ന സമയം വരെ അങ്ങിനെയൊരു സുഗന്ധം അവിടെയില്ലായിരുന്നല്ലോ എന്നും ഞാനോര്‍ത്തു.
'വെല്ല്യ ഗൌരവക്കാരിയാ ഈ പൂങ്കാവനം സാര്‍.. ഒരു പൈസ കൈക്കൂലി മേടിക്കൂലാ... അനധികൃതമായ ഒരു കാര്യത്തിനും കൂട്ടുനിക്കൂലാ...
എത്ര നാളായി ഒരു സര്‍ട്ടിഫിക്കറ്റിന് കേറിയിറങ്ങുന്നു.'
ഒരു വൃദ്ധന്‍റെ അടക്കിപ്പിടിച്ച സംസാരം, ആരോടോ...
ഓ... ഗോഡ്.. പണിയാവുമോ?...
ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഈ ഇരുപത്തിയേഴാം വയസ്സില്‍തന്നെ ഇങ്ങിനെ ഫയലുകളുമായി
ഒരു കൂട്ടം ആപ്പീസുകള്‍ കയറിയിറങ്ങേണ്ടി വരുമെന്ന് സ്വപ്നത്തില്‍പ്പോലും
കരുതിയിരുന്നില്ല.
ലാലീസിന്‍റെ ഒരാഗ്രഹമായിരുന്നു, നാഷണല്‍ഹൈവേയോട് ചേര്‍ന്ന്
ഒഴിഞ്ഞുകിടക്കുന്ന ആ പ്ലോട്ടില്‍ ഒരു ഷോപ്പിംഗ് കോംപ്ലക്സ്.
അവളുടെ ആദ്യത്തെ ഡെലിവറിയും, തിരക്കുകളുമെല്ലാം അവസാനിച്ചപ്പോള്‍
കെട്ടിടം പണി തുടങ്ങി. പഞ്ചായത്ത്,വില്ലേജ്, ഇലക്ട്രിസിറ്റി,വാട്ടര്‍കണക്ഷന്‍ എന്ന് വേണ്ടാ.. ഓരോ കാര്യങ്ങള്‍ക്കുമായി നിരവധി തവണ ഓരോരോ ആപ്പീസുകള്‍... ഇവിടെയെത്തുന്നത് ഇതാദ്യം.
'സാറിനെ ഉള്ളിലേയ്ക്ക് വിളിക്കുന്നു'
ഗഹനമായ പ്രാരാബ്ദചിന്തകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുറിയില്‍
നിന്നും പുറത്തിറങ്ങിയ മുന്‍പ് വരാന്തയില്‍ കണ്ട തൂപ്പുകാരിയുടെ ശബ്ദം.
'മേ ഐ കമ്മിന്‍?...'
ഹാഫ്ഡോറില്‍ തട്ടി അനുവാദം ചോദിച്ചു അകത്തുകടന്നു.
'സിറ്റ്ഡൌണ്‍..'
മേശയ്ക്കുപിറകിലെ തടിച്ച മരക്കസേരയില്‍ കുറച്ചുമുന്‍പ് ചെമ്പകത്തിന്‍റെ
സുഗന്ധവും പരത്തി കടന്നുപോയ സ്ത്രീ ഇരിക്കുന്നു. ഏതാണ്ട് അമ്പതിനോടടുത്ത പ്രായം തോന്നിക്കും. ആജ്ഞകള്‍ സ്ഫുരിക്കുന്ന മുഖഭാവം
ആഡ്യത്വം നിഴലിക്കുന്ന ശരീരഭാഷയില്‍ അവര്‍ മൊഴിഞ്ഞു.
എന്‍റെ കൈയിലെ ഫയലുകള്‍ മേശപ്പുറത്ത് വെച്ചു ഭവ്യതയോടെ
ഞാനവരെ നോക്കി എന്‍റെ ആവശ്യങ്ങള്‍ അവതരിപ്പിച്ചു.
'ഉക്കാരു' ഇരിക്കൂ... '
ഒരു ചെറുമന്ദസ്മിതത്തോടെ അവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇരുന്നു.
ഫയലുകളിലെ ഓരോ പേജുകള്‍ മറിക്കുന്നതിനിടയിലും ഞാനറിയാതെ
അവരും, അവരറിയാതെ ഞാനും പരസ്പരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
'ഉക്കാര്' എന്ന് അവര്‍ എന്നോട് പറഞ്ഞതും,പുറത്ത് ബോര്‍ഡില്‍ എഴുതിയ
'പൂങ്കാവനം' എന്ന അവരുടെ പേരും കൂടി ഒരു താരതമ്യപഠനം നടത്തിയപ്പോള്‍ ഈ പ്രസ്ഥാനം മെയ്‌ഡ്-ഇന്‍- തമിഴ്നാട് ആണെന്ന്
ഈസിയായി പിടികിട്ടി.
എന്താ പേര്?..
ഖൈസ് കോംപ്ലക്സ് ... മാഡം...
ഹി. ഹി.. നിങ്ങളുടെ പേരാണ് ചോദിച്ചത് ?...
സോറി മാഡം...
ഞാന്‍ പേര് പറഞ്ഞു.
'ഖൈസ്' ഉങ്കളുടെ മകന്‍റെ പേരാവും?.. അല്ലേ?.. ഗുഡ്..
വീണ്ടും ചിരിയുടെ അലകള്‍ ഓളംവെട്ടി..
മുകളില്‍ കറങ്ങുന്ന ഫാനിനടിയിലും വിയര്‍ത്തുകുളിക്കുന്നു.
കര്‍ച്ചീഫ് എടുത്ത് മുഖം തുടച്ചു.
മീനമാസത്തിലെ ചൂട് റൊമ്പപ്രമാദം തന്നെ ... അല്ലേ?...
തികച്ചും ഒഫീഷ്യല്‍ അല്ലാത്ത ആ ചോദ്യം കേട്ട്, മുന്‍പ് പുറത്തിരുന്ന വൃദ്ധന്‍
സൂചിപ്പിച്ച 'ഗൌരവക്കാരി' എന്ന ആ പരാമര്‍ശത്തിന് നിരക്കാത്തതാണല്ലോ
എന്നൊരു ഉള്‍വിളി തോന്നിപ്പോയ നിമിഷം.
'അതെ, മാഡം.. വെരി ഹോട്ട്..'
ഞാന്‍ തെല്ലൊരു സന്തോഷത്തോടെ പറഞ്ഞു.
'എന്ത് ചെയ്യുന്നു?..'
വീണ്ടും പൂങ്കാവനം മാഡം.
ഞാന്‍ വിദേശത്തായിരുന്നു, മാഡം.
ഇപ്പോള്‍ ഇവിടെ അല്‍പ്പം എന്‍ഗേജ് ആയതിനാല്‍ ലോങ്ങ് ലീവിലാണ്.
അത് ഞാന്‍ ഈ ഫയലുകള്‍ നോക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്.
അവര്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട്പറഞ്ഞു.
എവിടെയാ പഠിച്ചത്?.. ഐ-മീന്‍.. കോളെജ്?..
നാട്ടിക- എസ്-എന്‍ കോളേജ്.. കൊടുങ്ങല്ലൂര്‍ എം-ഇ-എസ്-അസ്മാബി കോളേജ്.... മാഡം...
ദേന്‍?...
വീണ്ടും...
തീര്‍ത്തും അനാവശ്യമായ , അണ്‍-ഒഫീഷ്യലായ ഒരു കൂട്ടം ചോദ്യങ്ങള്‍....
വെറുതെയാല്ലാ.. ഈ മീനച്ചൂടില്‍ വിയര്‍ക്കുന്നത്. നിങ്ങളൊക്കെ മിഡില്‍ഈസ്റ്റില്‍ എ-സി മുറികളില്‍ ഇരുന്ന് ശീലിച്ചതിന്‍റെ ട്രബിളാ..!!
എന്നും പറഞ്ഞ് അവര്‍ അടിവരയിട്ടു.
എന്തായാലും ഈ ആപ്പീസില്‍ അധികം കയറിയിറങ്ങേണ്ടി വരില്ലാ.. എന്ന്
മനസ്സ് മന്ത്രിക്കുന്ന പോലെ തോന്നി.
പക്ഷേ.. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവര്‍ പറഞ്ഞുതുടങ്ങി.
'എനിക്ക് അവിടെ വന്ന് ഒന്ന് 'വെരിഫൈ' ചെയ്യണമല്ലോ'.. !!
ഈ ഒരാവശ്യം മുന്‍കൂട്ടി എനിക്ക് അറിയാമായിരുന്നു.
പക്ഷേ ഇങ്ങിനെയൊരു പരിചയപ്പെടലില്‍ ഈ ആവശ്യം ഒഴിവാകുമെന്ന്
തോന്നിപ്പോയി.
ഷുവര്‍.. മാഡം.. മാഡത്തിന്‍റെ സൗകര്യം പോലെ എപ്പോള്‍ വേണമെങ്കിലും
മനസ്സിലുള്ള മുഷിപ്പ് പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു.
ഓക്കേ... എങ്കില്‍ ഞാന്‍ ഫോണില്‍ അറിയിക്കാം, നമ്പര്‍ ഈ ഫയലില്‍
കുറിച്ചിട്ട് അപ്പറം സൂപ്രണ്ടിന്‍റെ മുറിയിലേക്ക് കൊടുത്തോളൂ.. അല്ലെങ്കില്‍
ഇവിടിരിക്കട്ടെ,.. ഞാന്‍ പ്യൂണ്‍ വശം കൊടുത്തയച്ചോളാം.
ബാഗ് തുറന്ന് ഒരു കുപ്പി വെള്ളം എടുക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.
കുടിക്കൂ.. വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ..!!
അവര്‍ കുപ്പി എനിക്ക് നേരെ നീട്ടി.
'ഗ്ലാസ്...?... മാഡം..'
'വൈ ഷൂഡ്?... നോ ഫോര്‍മാലിറ്റീസ്....'
വീണ്ടും പ്രായത്തെ വെല്ലുന്ന ചിരിയുടെ ഓളംതല്ലല്‍....
പൂങ്കാവനം നിഗൂഡതകളിലൂടെ മുങ്ങാംകുഴിയിട്ടു കളിക്കുന്നോ?...
കര്‍ച്ചീഫെടുത്ത് മുഖം ഒന്നുകൂടി അമര്‍ത്തിത്തുടച്ചു.
'എന്‍റെ വിരലുകളില്‍ സ്പര്‍ശിക്കാതെതന്നെ ഈ കുപ്പി അവര്‍ക്കെനിക്ക്
തരാമായിരുന്നില്ലേ?...'
വരണ്ട തൊണ്ടയിലൂടെ തണുത്തജലം പടര്‍ന്നിറങ്ങുമ്പോള്‍ ഞാനോര്‍ത്തു.
ടവ്വലെല്ലാം വിയര്‍ത്തു നാശമായല്ലോ...!!
ഞാന്‍ ചെറിയൊരു ചമ്മലോടെ ചിരിച്ചു.
'വിരോധമില്ലെങ്കില്‍ എതെടുത്തോളൂ... പുതിയതാ..'
വീണ്ടും ബാഗ് തുറന്ന് ഒരു തൂവെള്ളനിറത്തിലുള്ള കര്‍ച്ചീഫ് അവര്‍
എന്‍റെ നേരെ നീട്ടി.
'മാഡം..!!'
ഞാന്‍ അവിശ്വസനീയതയോടെ അവരെ നോക്കി.
വാങ്ങിച്ചോളൂ..
നമ്മള്‍ ഇപ്പോള്‍ പരിചയക്കാരായില്ലേ?...
വീണ്ടും... ചിരി...
അവരുടെ നുണക്കുഴികളും, മൂക്കിനു താഴെ നനുനനുത്ത രോമാരാജികളും
ഇപ്പോഴെനിക്ക് കാണാം.
തുറന്നിട്ട മരത്തിന്‍റെ ജനാലയിലൂടെ ചെമ്പകത്തിത്തിന്‍റെ മണമുള്ള ഒരിളം
കാറ്റ് അകത്തേയ്ക്ക് വരുന്നുണ്ടോ?..
മുകളില്‍ കറ കറ ശബ്ദത്തോടെ തിരിയുന്ന ഫാനിന് തിരുവാതിര
കളിക്കിടയിലെ കുരവയുടെ ശബ്ദമോ?....
ഇനിയിപ്പോ ആ പഴയ ടവല്‍ എന്തിനാ?..
അവര്‍ മേശയ്ക്കടിയില്‍ ഇരുന്ന ചെറിയൊരു 'ഡസ്റ്റ്ബിന്‍' എടുത്ത് എന്‍റെ
നേരെ നീട്ടി.
താങ്ക്സ്.. മാഡം..
തിളച്ചുമറിയുന്ന അവസാനതുള്ളി വിയര്‍പ്പും നെറ്റിയില്‍ നിന്നും
ഒപ്പിയെടുത്ത് എന്‍റെ കര്‍ച്ചീഫ് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിച്ച് അവര്‍
സമ്മാനിച്ച ടവ്വലുമായി എഴുന്നേറ്റു.
വൈകാതെ ഈ നമ്പറില്‍ വിളിച്ചറിയിക്കുമല്ലോ?...
ഓഫ്കോഴ്സ്...
അവരുടെ ചിരി എന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ബൈക്കിന്‍റെ കീ (താക്കോല്‍)
ഫയലിനോടൊപ്പം മേശപ്പുറത്ത് വെച്ചിരുന്നത് ഓര്‍മ്മവന്നത്.
ഡോറില്‍ തട്ടാതെ തിരികെ അവരുടെ റൂമിലേക്ക് കയറിയ ഞാന്‍
അമ്പരന്നുപോയി. ഞാന്‍ ഡസ്റ്റ്ബിന്നില്‍ നിക്ഷേപിച്ച എന്‍റെ കര്‍ചീഫ്
അവരുടെ കൈയില്‍ മുഖത്തോടു ചേര്‍ത്ത് പിടിച്ചിരിക്കുന്നു.
'എക്സ്ക്യൂസ്മീ... മാഡം..
ഞാന്‍ ബൈക്കിന്‍റെ കീ ഇവിടെ വെച്ചു മറന്നു'
മുഖത്തെ ജാള്യത മറയ്ക്കുന്നത്തിനിടയില്‍
'ഇറ്റ്സ് ആള്‍ റൈറ്റ്..ഇറ്റ്സ് ആള്‍ റൈറ്റ്..'
എന്നു പറയുന്ന അവരുടെ മുഖത്തു നോക്കാതെ 'കീ' എടുത്ത്
കൊടുങ്കാറ്റിന്‍റെ വേഗതയില്‍ പുറത്തെക്കിറങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍
തെളിഞ്ഞത് ചുവപ്പ്നാടയില്‍ കുരുങ്ങാന്‍ പോകുന്ന ഞാനോ, എന്‍റെ
ഫയലുകളോ, അതോ അവരുടെ അമ്പരന്ന മുഖമോ?...
ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല.