2014, മേയ് 23, വെള്ളിയാഴ്‌ച

സസ്തനി



പതിമൂന്നാമത്തെ വയസ്സില്‍
ഉറങ്ങിക്കിടക്കുമ്പോള്‍ കര്‍ത്താവിന്‍റെ
തിരുദര്‍ശനം..!

അതെ,
ക്ലീറ്റസച്ചായന്‍റെ മോള്‍ക്ക്‌ ദൈവവിളിയുണ്ടായത്
കുരുത്തോലപ്പെരുന്നാള് കഴിഞ്ഞതിന്‍റെ
മൂന്നാം പക്കമാണ്.

തലേന്ന് രാത്രീല് 'കടമറ്റത്തച്ഛന്‍' സീര്യലും
കണ്ടേച്ച് വണ്ടറടിച്ച് കിടന്നുറങ്ങിയെഴുന്നെറ്റ
സൂസിമോള് അമ്മച്ചി മറിയാമ്മച്ചേടത്തിയോട്
ഈ വിവരം പറയുമ്പോ അപ്പന്‍ ക്ലീറ്റസച്ചായന്‍
റബര്‍ഷീറ്റടിക്കുന്ന പണിയിലായിരുന്നു.

അങ്ങാടിവഴി ഇടവകപ്പള്ളിയിലേക്ക് അച്ഛനോട്
വിവരംപറയാനായിപ്പോകുന്ന ക്ലീറ്റസച്ചായനെ
പോത്തിറച്ചിയുടെ കാര്യം ഓര്‍മിപ്പിച്ച്, പാലപ്പത്തിന്
ധാന്യമാവ് കുറുക്കുമ്പോള്‍ മറിയാമ്മച്ചേടത്തിയുടെ
മനസ്സുനിറയെ തിരുവസ്ത്രമണിഞ്ഞ മോളുടെ രൂപം.

'കൊതുകിനെ പ്രതിരോധിക്കാന്‍ സാമ്പ്രാണി പൊകച്ചാല്‍
സാത്താന്മാര്‍ അകന്ന്പോയി കുടുംബത്തില് ഇങ്ങനെ
 പല അനുഗ്രഹങ്ങളും ഉണ്ടാകാറുണ്ട്'
പാലപ്പവും പോത്തെറച്ചീം കഴിച്ച് ഏമ്പക്കമിട്ട്
ഇടവകയിലെ അച്ഛന്‍ ക്ലീറ്റസച്ചായന്‍റെ കോലായിലെ
ചാരുകസേരയില് അമര്‍ന്നിരുന്ന്‍ പറഞ്ഞു.

പാഠപുസ്തകങ്ങള്‍ മാറ്റി, പകരം മഠത്തിലെ സിസ്റ്റര്‍മാര്‍
വന്നപ്പോള്‍ സമ്മാനിച്ച കൊന്തയും,വേദപുസ്തകങ്ങളും
സ്കൂള്‍ബാഗിലേക്ക് തിരുകിക്കയറ്റുന്നതിനോടൊപ്പം
തലയിണക്കടിയിലൊളിപ്പിച്ചുവെച്ചിരുന്ന
സിനിമാമാസികയും ഒപ്പം ചേര്‍ക്കാന്‍ സൂസിമോള്‍
മറന്നില്ല.

വൈകുന്നേരം ടൌണില്‍ റബര്‍ഷീറ്റ് വിറ്റെച്ചും വന്ന് കയറിയ
ക്ലീറ്റസച്ചായന് കുടിക്കാന്‍കൊടുക്കാന്‍ മറിയാമ്മച്ചേടത്തി
ചായയിടാന്‍പോയത് കുങ്കുമപ്പൂവ് സീര്യലിന്‍റെ
ഇടവേളയിലായിരുന്നു.

അന്ന് രാത്രിയും റബ്ബര്‍മരങ്ങള്‍ക്കിടയില്‍ നിന്നും കൊതുകുകള്‍
കൂട്ടത്തോടെ വീട്ടിലേക്ക് പ്രവേശിച്ചു. സാമ്പ്രാണി വീണ്ടും
പുകഞ്ഞു.

'ദൈവവിളി' കൊണ്ട് അനുഗ്രഹീതയായി ഉറങ്ങിയെഴുന്നേറ്റ മറിയാമ്മച്ചേടത്തി പിറ്റേദിവസം  മഠത്തില് നിന്നും സൂസിമോള്‍ക്ക്‌
സിസ്റ്റര്‍മാര്‍ സമ്മാനിച്ച കൊന്തയും,വേദപുസ്തകങ്ങളും
ചാക്കില്‍കെട്ടി ഷീറ്റടിക്കുന്ന പുരയുടെ മൂലയില്‍
കൊണ്ടുപോയി നിക്ഷേപിച്ചു.

'എനിക്ക് രുദ്രനെപ്പോലെ എരട്ടച്ചങ്കുള്ള ഒരു മരുമോനെ വേണം,
എന്‍റെ സൂസിമോള് ശാലിനിയെപ്പോലെ ഒരുകുഞ്ഞിനെ
മൊലയൂട്ടുന്നത് കാണണം'
അന്നുരാത്രി റബര്‍പാലിന്‍റെ ചൂരുള്ള ക്ലീറ്റസച്ചായന്‍റെ വിയര്‍പ്പ് പറ്റിക്കിടന്ന്
മറിയാമ്മച്ചേടത്തി കിതപ്പണച്ച് പറഞൊപ്പിച്ചു.

"പള്ളീലച്ഛനെ വിളിച്ച് പാലപ്പോം പോത്തെറച്ചീം കഴിപ്പിച്ച്
വിട്ടതോ?...  മഠത്തീന്ന് സിസ്റ്റര്‍മാര് വന്ന് കൊന്തേം,വേദപുസ്തകോം
തന്നിട്ട് പോയതോ?.. ങേ?.. "
മറിയാമ്മച്ചേടത്തിയുടെ ഗാഡമായ ഒരു ആശ്ലേഷത്തില്‍
ക്ലീറ്റസച്ചായന്‍റെ വാക്കുകള്‍ ബാഷ്പീകരിക്കപ്പെട്ടു.

വിജാഗിരി ഇളകിയ ജനലുകള്‍ക്കിടയിലൂടെ അച്ചായന്‍റെയും
ചേടത്തിയുടെയും അവ്യക്തമായ നിഴലുകള്‍
ഇളകിയാടുന്നത് നോക്കി തന്‍റെ കൂമ്പിവരുന്ന
സ്തനങ്ങളില്‍ സ്പര്‍ശിച്ച് സൂസിമോള്‍ കഴിഞ്ഞയാഴ്ചയില്
കുഞ്ചാക്കോബോബന്‍റെ കട്ടുള്ള ജീവശാസ്ത്രം മാഷ്‌
പഠിപ്പിച്ച വരികള്‍ മനസിലോര്‍ത്തു.

'കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടിവളര്‍ത്തുന്ന ജീവികളെ
'സസ്തനങ്ങള്‍' എന്നു പറയപ്പെടുന്നു'.

സാമ്പ്രാണി അപ്പോഴും പുകയുന്നുണ്ടായിരുന്നു.
സാത്താന്മാര്‍ ഗതികിട്ടാതെ റബര്‍മരങ്ങളുടെ ഇടയിലേക്കും
പാലായനം ചെയ്യുന്നുണ്ടായിരുന്നു.!!



-അക്കാകുക്ക-








14 അഭിപ്രായങ്ങൾ:

  1. പദപ്രയോഗങ്ങൾ കൊണ്ടുളള അഭ്യാസം തകർത്തു.. എന്നിരിക്കിലും അക്കുവിന്റെ മുൻപത്തെ രചനകളോട് ഒപ്പമെത്താൻ കഴിഞ്ഞിട്ടില്ല..

    അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  2. അക്കാകുക്കാ-- നന്നായിട്ടുണ്ട്. വളരെയധികം ചിന്തിപ്പിക്കുന്ന ഒരു msg ഉണ്ട് ഇതില്‍. പലപ്പോഴും ആളുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്ന് കണ്ട സീരയലിനെപ്പോലും ആശ്രയിച്ചിരിക്കുന്നു. എന്നിട്ടും അതിന്റെ പേരില്‍ പലരുടെയും ജീവിതം ഹോമിക്കപ്പെടുന്നു! വാക്കുകള്‍ അളന്നു മുറിച്ചു ഉപയോഗിച്ചതില്‍ ഒരു വലിയ അഭിനന്ദനം--- A proud sister of Akkakukka--

    മറുപടിഇല്ലാതാക്കൂ
  3. സീരിയല്‍ ദൈവവിളിയെ കൂടി സ്വാധീനിച്ചു, സാ‍ാത്താനിപ്പോള്‍ സീരിയല്‍ രൂപത്തിലായോ,

    മറുപടിഇല്ലാതാക്കൂ
  4. ഹഹ്ഹ സീരിയല്‍ കണ്ടു വട്ടായി അല്ലെ :)

    മറുപടിഇല്ലാതാക്കൂ
  5. സാമൂഹിക പ്രസക്തമായ വിഷയം കയ്യടക്കത്തോടെ ആകര്ഷകമായി അവതരിപ്പിച്ചു ദൈവവും മതവും ലൈഗികതയും മീഡിയയും കൊതുകും സിനിമയും ഗ്രാമീണ ജീവിതവും നിഷ്കളങ്കതയും ഇത്ര ചെറിയ കഥയിൽ അതി മനോഹരമായി സന്നിവേശിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  6. സീര്യലിന്റെ സമയം നോക്ക്യാ സാത്താന്മാർ പോലും ഇപ്പോ പുറത്തിറങ്ങുന്നെ..!
    ആശംസകൾ മാഷേ.

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ നല്ല കഥ. സീരിയൽ വഴിയെ പോകുന്ന ജീവിതം

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട് സീരിയൽ കഥകളും ഇന്നത്തെ സ്ത്രീകൾ ജീവിതത്തിൽ പകര്ത്തുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  9. ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്.

    സീരിയൽ തന്നെ ജീവിതം. !!

    മറുപടിഇല്ലാതാക്കൂ
  10. ടീനേജിൽ ശരീരവും മനസ്സും തമ്മിൽ സംവദിച്ചു തുടങ്ങുമ്പോഴാണു മക്കളിൽ ദൈവ വിളികളുണ്ടാവുന്നതെന്ന് അറിയാത്ത അപ്പനമ്മമാർ ഇപ്പോഴും നമുക്ക്‌ ചുറ്റുമുണ്ട്‌, നാട്ടിൻപ്രദേശങ്ങളിൽ..
    പുരോഗമനം തൊട്ടുതീണ്ടിയവർക്കിടയിലെ ദൈവവിളികൾ
    മറ്റൊരു വഴിയിൽ സഞ്ചരിക്കുമ്പോഴും മാതാപിതാക്കളുടെ മനോവികാരം ഒന്നു തന്നെ..
    അവനവന്റെ സ്റ്റാറ്റസ്സിനനുസരിച്ച്‌ സ്ഥാനവിളികൾക്ക്‌ മാറ്റം വരുന്നൂന്ന് മാത്രം..
    നർമ്മത്തിൽ പൊതിഞ്ഞ നല്ല എഴുത്ത്‌..നന്ദി

    മറുപടിഇല്ലാതാക്കൂ
  11. A Divine call from Satan.
    To accept or not to........

    Nice story.

    മറുപടിഇല്ലാതാക്കൂ
  12. A Divine call from Satan.
    To accept or not to........

    Nice story.

    മറുപടിഇല്ലാതാക്കൂ
  13. നല്ല അവതരണം കുക്കാ....വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക